ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ അട്ടിമറി. ഒന്നാം സീഡ് കരോലിന പ്ലിസ്കോവ രണ്ടാം റൗണ്ടിൽ പുറത്തായി. 32-ാം സീഡ് ഫ്രഞ്ച് താരം കരോളിൻ ഗാർസ്യയാണ് ചെക് താരത്തെ അട്ടിമറിച്ചത്.

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഗാർസിയയുടെ വിജയം. ആദ്യ സെറ്റ് 6-1ന് അനായാസം നേടിയ ഗാർസിയക്ക് പക്ഷേ രണ്ടാം സെറ്റിൽ പോരാടേണ്ടിവന്നു. ടൈബ്രേക്കറിന് ഒടുവിലാണ് ഗാർസിയ പ്ലിസ്കോവയെ തോൽപ്പിച്ചത്.

നാലാം സീഡും മുൻ ചാമ്പ്യയുമായ ജപ്പാന്റെ നവോമി ഒസാക്ക മൂന്നാം റൗണ്ടിലേക്ക് മുന്നേറി. കാമില ഗിറോഗിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഒസാക്ക തോൽപ്പിച്ചത്. സ്കോർ: 6-1,6-2.

പുരുഷ സിംഗിൾസിൽ ഗ്രീക്ക് താരവും നാലാം സീഡുമായ സ്റ്റെഫനോസ് സിസ്റ്റിപാസ് മൂന്നാം റൗണ്ടിലെത്തി. അമേരിക്കൻ താരം മാക്സി ക്രേസിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചായിരുന്നു ഗ്രീക്ക് താരത്തിന്റെ മുന്നേറ്റം.

അതേസമയം ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചടിച്ച് കനേഡിയൻ താരം ഡെന്നീസ് ഷപോവലോവിന്റെ വിജയം. കൊറിയൻ താരം സൂൻ വൂനുവിനെ മറികടന്ന് ഷപോവലോവ് മൂന്നാം റൗണ്ടിലെത്തി.

Content Highlights: Karolina Pliskova, US Open Tennis 2020