മെല്‍ബണ്‍: അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിനൊടുവില്‍ വിജയവുമായി ജോ വില്‍ഫ്രഡ് സോംഗ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍. കനേഡിയന്‍ താരം ഡെനിസ് ഷപൊവലോവിനെതിരെ ആയിരുന്നു ഫ്രഞ്ച് താരമായ സോംഗയുടെ വിജയം. സ്‌കോര്‍: 3-6, 6-3, 1-6, 7-6, 7-5.

മത്സരം മൂന്നു മണിക്കൂറും 37 മിനിറ്റും നീണ്ടുനിന്നു. ആദ്യ സെറ്റും മൂന്നാം സെറ്റും പതിനെട്ടുകാരനായ ഡെനിസ് വിജയിച്ചപ്പോള്‍ രണ്ടും നാലും അഞ്ചും സെറ്റുകള്‍ നേടിയായിരുന്നു സോംഗയുടെ വിജയം. അവസാന സെറ്റില്‍ 2-5ന് പിന്നില്‍ നിന്നശേഷം സോംഗ തിരിച്ചുവരികയായിരുന്നു. 

അതേസമയം പുരുഷ സിംഗിള്‍സില്‍ നിലവിലെ ജേതാവായ റോജര്‍ ഫെഡററും ആറുതവണ ജേതാവായ നൊവാക് ദ്യോക്കോവിച്ചും രണ്ടാംറൗണ്ടില്‍. വനിതാവിഭാഗത്തില്‍ ഒന്നാംസീഡായ സിമോണ ഹാലെപ്പ്, മൂന്നാംസീഡ് ഗബ്രിയേല്‍ മുഗുരുസ, റഷ്യയുടെ മരിയ ഷറപ്പോവ പുരുഷവിഭാഗത്തില്‍ നാലാം സീഡ് അലക്സാണ്ടര്‍ സവറേവ്, ഒമ്പതാം സീഡ് സ്റ്റാന്‍ വാവ്‌റിങ്ക തുടങ്ങിയവരും ആദ്യ മത്സരത്തില്‍ ജയംകണ്ടു.