മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ജപ്പാന്‍ താരം നവോമി ഒസാക്കയ്ക്ക്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തിയാണ് ജപ്പാന്‍ താരം തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 7-6(2), 5-7, 6-4. 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയത്തോടെ നവോമി ഒസാക്ക റാങ്കിങിലും ഒന്നാമതെത്തി. ഇതോടെ ജപ്പാനില്‍നിന്നും ടെന്നീസ് റാങ്കിങില്‍ ഒന്നാമതെത്തുന്ന ആദ്യതാരമെന്ന നേട്ടവും ഈ 21-കാരിക്ക് സ്വന്തമായി. 

യു.എസ്. ഓപ്പണ്‍ കിരീടനേട്ടത്തിന് പിന്നാലെയാണ് ഒസാക്ക ഓസ്‌ട്രേലിയന്‍ ഓപ്പണിലും കിരീടം നേടിയതെന്നതും ശ്രദ്ധേയമാണ്. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ചെക്ക് താരം പെട്ര ക്വിറ്റോവയ്ക്കും ഇത് ഏറെ അഭിമാനകരമായ നിമിഷമാണ്. ചെക്ക് റിപ്പബ്ലിക്കിലെ വീട്ടില്‍ ആക്രമണത്തിനിരയായ ക്വിറ്റോവ കോര്‍ട്ടില്‍ തിരിച്ചെത്തിയശേഷം മികച്ച പ്രകടനം പുറത്തെടുത്തതും ഓസ്‌ട്രേലിയന്‍ ഓപ്പണിലായിരുന്നു. 

Content Highlights: japan's naomi osaka beats petra kvitova in australian open final