പ്രാഗ്: മുന്‍ വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യന്‍ യാന നൊവോട്ന (49) ആരവങ്ങളില്ലാത്ത ലോകത്തേക്കു മടങ്ങി. അര്‍ബുദബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. 1998-ല്‍ ഫ്രഞ്ചുകാരി നതാലി തൗസിയത്തിനെ തോല്പിച്ചാണ് നൊവോട്ന കരിയറിലെ ഒരേയൊരു വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം ചൂടിയത്.

മുമ്പ് രണ്ടുതവണ (1993, 97) വിംബിള്‍ഡണ്‍ ഫൈനലിലെത്തിയെങ്കിലും തോല്‍വിയായിരുന്നു ഫലം. 1993-ല്‍ ജര്‍മന്‍താരം സ്റ്റെഫി ഗ്രാഫുമായുള്ള ഫൈനല്‍ വിംബിള്‍ഡണിന്റെ ചരിത്രത്തിലെ സവിശേഷമായ പോരാട്ടങ്ങളില്‍ ഒന്നാണ്. അന്ന് അവസാനസെറ്റില്‍ 4-1ന് ലീഡുനേടി .

കിരീടത്തിനരികിലെത്തിയ നൊവോട്നയെ അവിശ്വസനീയമായ തിരിച്ചുവരവിലൂടെ സ്റ്റെഫി ഞെട്ടിക്കുകയായിരുന്നു. കിരീടം കൈവിട്ട് പൊട്ടിക്കരഞ്ഞ നൊവോട്നയെ കെന്റ് രാജകുമാരി ആശ്വസിപ്പിച്ചത് വിംബിള്‍ഡണിലെ അവിസ്മരണീയ കാഴ്ചകളിലൊന്നാണ്. 

മാര്‍ട്ടീന ഹിംഗിസിനോടാണ് 97-ലെ ഫൈനലില്‍ തോറ്റത്. വിംബിള്‍ഡണില്‍ നാലുവട്ടം ഡബ്ള്‍സ് കിരീടവും ചൂടി. 12 വര്‍ഷം നീണ്ട കരിയറില്‍ 24 സിംഗിള്‍സ്, 76 ഡബ്ള്‍സ് കിരീടങ്ങള്‍ അവര്‍ നേടിയിട്ടുണ്ട്. ചെക്കോസ്ലോവാക്യ ടീമിന് ഫെഡറേഷന്‍ കപ്പ് ടെന്നീസ് കിരീടം (1988) സമ്മാനിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. 

AP Exchange: Jana Novotna former Wimbledon tennis champion dies