റോം: 1000 മത്സരങ്ങളെന്ന നാഴികക്കല്ല് പിന്നിട്ട പോരാട്ടത്തില്‍ 23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ പൊരുമയുള്ള സെറീന വില്യംസിന് തോല്‍വി. ഇറ്റാലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ അര്‍ജന്റീനയുടെ നാദിയ പൊഡൊറോസ്‌കയാണ് സെറീനയെ അട്ടിമറിച്ചത്. സ്‌കോര്‍: 7-6 (6), 7-5. 

മേയ് 30-ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിനായി ഒരുങ്ങുന്ന സെറീനയ്ക്ക് കനത്ത തിരിച്ചടിയായി ഈ തോല്‍വി. മൂന്ന് മാസത്തിനിടെ സെറീനയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. 

1000 മത്സരങ്ങളില്‍ സെറീനയുടെ 149-ാം തോല്‍വിയാണ് നാദിയക്കെതിരെയുള്ളത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ സെമി ഫൈനലിലെത്തിയ താരമാണ് നാദിയ. 

അതേസമയം ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്കയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. അമേരിക്കയുടെ ജെസ്സിക് പെഗുലയാണ് ഒസാക്കയെ തകര്‍ത്തത്. സ്‌കോര്‍: 7-6 (2), 6-2.

Content Highlights: Italian Open 2021 Serena Williams suffers shock loss in 1000th match