കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് പുരുഷ വിഭാഗം ഫൈനലില്‍ ബ്രിട്ടീഷ് താരം കാമറൂണ്‍ നോറി ജോര്‍ജിയയുടെ നിക്കോളാസ് ബസിലാഷ്‌വിലിയെ നേരിടും. ഇരുതാരങ്ങളും ഇതാദ്യമായാണ് ഇന്ത്യന്‍ വെല്‍സിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 

സെമിയില്‍ ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ കീഴടക്കിയാണ് നോറി ഫൈനലില്‍ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബ്രിട്ടീഷ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-2, 6-4. ആന്‍ഡി മുറെയ്ക്കും ടിം ഹെന്മാനും ശേഷം ഇന്ത്യന്‍ വെല്‍സിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ബ്രിട്ടീഷ് താരമാണ് നോറി. ഫൈനലില്‍ വിജയം നേടിയാല്‍ ഇന്ത്യന്‍ വെല്‍സ് കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരം എന്ന റെക്കോഡ് താരത്തിന് സ്വന്തമാക്കാം. 

ബസിലാഷ്‌വിലി അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ കീഴടക്കിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 7-6, 6-3. ലോകറാങ്കിങ്ങില്‍ 29-ാം സ്ഥാനത്താണ് ബസിലാഷ്‌വിലി.

Content Highlights: Indian Wells Men's final 2021 Basilashvili vs Norrie