ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിൽ നിന്നും ഇന്ത്യന്‍ താരം സുമിത് നാഗല്‍ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക 46-ാം നമ്പര്‍ താരമായ ആല്‍ബര്‍ട്ട് റാമോസ് വിനോവാസിനോടാണ് സുമിത് തോല്‍വി വഴങ്ങിയത്. 

മൂന്നു സെറ്റ് നീണ്ട ഉശിരന്‍ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. സ്‌കോര്‍: 6-4, 2-6, 5-7. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും രണ്ടാം സെറ്റില്‍ വര്‍ധിത വീര്യത്തോടെ തിരിച്ചുവന്ന സുമിത് തന്നേക്കാള്‍ റാങ്കിങ്ങില്‍ ഏറെ മുന്നിലുളള റാമോസിനെതിരേ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. മൂന്നാം സെറ്റില്‍ 5-2 ന് മുന്നിട്ട നിന്നശേഷമാണ് സുമിത് കീഴടങ്ങിയത്. അനാവശ്യമായി വരുത്തിയ പിഴവുകള്‍ താരത്തിന് തിരിച്ചടിയായി. മത്സരം രണ്ട് മണിക്കൂറും 26 മിന്ട്ടും നീണ്ടു. 

ടൂര്‍ണമെന്റില്‍ അട്ടിമറികളോടെയാണ് സുമിത് ക്വാര്‍ട്ടര്‍ വരെയെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ലോക 22-ാം നമ്പര്‍ താരമായ ചിലിയുടെ ക്രിസ്റ്റ്യന്‍ ഗ്യാരിനെ കീഴടക്കിയാണ് താരം അവസാന എട്ടിലെത്തിയത്.

Content Highlights: Indian tennis player Sumit Nagal out of the Argentina Open