ന്യൂയോര്‍ക്ക്: ഇത്തവണത്തെ യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനല്‍ വിവാദത്താല്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഒന്നായിരുന്നു. 

23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമായുള്ള സെറീന വില്ല്യംസിനെ പരാജയപ്പെടുത്തി ജപ്പാനിലേക്ക് ആദ്യ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടമെത്തിച്ച് നവോമി ഒസാക്ക ചരിത്രം കുറിക്കുകയും ചെയ്തു. തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലിലാണ് നവോമിയുടെ കിരീട നേട്ടം.

ഇതിന് മുമ്പ്  ഇങ്ങനെയൊരു ഫൈനലിന് ആര്‍തര്‍ ആഷെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടുണ്ടാകുമോ  എന്ന് സംശയമാണ്. 24-ാം ഗ്രാന്‍സ്ലാമെന്ന ചരിത്രത്തിലേക്ക് റാക്കറ്റേന്തിയ സെറീനയ്ക്ക് സ്വന്തം നിയന്ത്രണം നഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു സ്റ്റേഡിയത്തില്‍.

മത്സരത്തിനിടെ പോയിന്റ് വെട്ടിക്കുറച്ച ചെയര്‍ അമ്പയറോട് തര്‍ക്കിച്ച സെറീന, കോര്‍ട്ടില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള പെരുമാറ്റമാണ് നടത്തിയത്. അമ്പയറോട് തര്‍ക്കിച്ച സെറീന നിങ്ങള്‍ കള്ളനാണെന്ന് വിരല്‍ചൂണ്ടി സംസാരിച്ചു. രണ്ടാം സെറ്റ് 3-2 എന്ന നിലയില്‍ നില്‍ക്കെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞു പൊട്ടിച്ചതിന് സെറീനയുടെ പോയിന്റ് വെട്ടിക്കുറച്ചതായിരുന്നു പ്രകോപന കാരണം.

ഇപ്പോഴിതാ സ്‌റ്റേഡിയത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ച് യു.എസ് ഓപ്പണ്‍ ജേതാവ് നവോമി ഒസാക്ക പ്രതികരിച്ചിരിക്കുകയാണ്.

''24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം തന്നെയായിരുന്നു സെറീനയുടെ ലക്ഷ്യമെന്ന് അറിയാമായിരുന്നു. എന്നാല്‍ കോര്‍ട്ടിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ ഞാന്‍ വേറൊരാളായതു പോലെ തോന്നി. ഞാനൊരു സെറീന ഫാന്‍ അല്ല, ഒരു ടെന്നിസ് താരം മറ്റൊരു താരത്തോട് മത്സരിക്കുന്നു എന്നു മാത്രമാണ് അപ്പോള്‍ മനസിലുണ്ടായിരുന്നത്. എന്നാല്‍ മത്സര ശേഷം സെറീന വന്ന് കെട്ടിപ്പിടിച്ചപ്പോള്‍ ഞാനൊരു ചെറിയകുട്ടിയെ പോലെയായി'' , നവോമി പറഞ്ഞു. 

എന്നാല്‍ കോര്‍ട്ടില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ച് കുറിച്ച് ചോദിച്ചപ്പോള്‍ അവിടെ സംഭവിച്ചതെന്താണെന്ന് സത്യത്തില്‍ തനിക്ക് അറിയില്ലെന്നായിരുന്നു നവോമിയുടെ പ്രതികരണം. ''എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് മനസിലായില്ല, ഞാന്‍ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതെന്റെ  ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു അതുകൊണ്ടു തന്നെ വികാരങ്ങള്‍ക്ക് അടിമപ്പെട്ട് എല്ലാം നശിപ്പിച്ചു കളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ആ സമയത്തെല്ലാം ഞാന്‍ എന്റെ ശ്രദ്ധ മാറാതിരിക്കാന്‍ നോക്കുകയായിരുന്നു'', നവോമി വ്യക്തമാക്കി. 

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-2,6-4) ഒസാക്ക, സെറീനയെ തോല്‍പ്പിച്ചത്. ആകെ 79 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്. ആ കുറഞ്ഞ സമയത്തിനിടെ തന്നെ സെറീന ചെയര്‍ അമ്പയര്‍ കാര്‍ലോസ് റാമോസിനെ കള്ളനെന്ന് വിളിക്കുകയും റാക്കറ്റ് എറിഞ്ഞുടക്കയും ചെയ്തു. 

ആദ്യം കളിക്കിടയില്‍ പരിശീലകന്‍ പാട്രിക് മൗറാറ്റോഗ്ലുവില്‍ നിന്ന് കോച്ചിങ് സ്വീകരിച്ചതിനാണ് പോര്‍ച്ചുഗീസ് അമ്പയര്‍ സെറീനക്ക് പെനാല്‍റ്റി വിധിച്ചത്. മത്സരത്തിനിടയില്‍ പരിശീലകന്‍ ഇങ്ങനെ നിര്‍ദേശങ്ങള്‍ കൊടുക്കുന്നത് നിയമലംഘനമാണ്. പിന്നീട് രണ്ടാം സെറ്റില്‍ 3-3ന് സ്‌കോര്‍ നില്‍ക്കെ സെറീന ദേഷ്യം നിയന്ത്രിക്കാനാകാതെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞുടക്കുകയായിരുന്നു. ഇതോടെ ഒരു പെനാല്‍റ്റി പോയിന്റ് കൂടി സെറീനയ്ക്ക് കിട്ടി. മത്സരത്തിനു ശേഷം അമ്പയര്‍ക്ക് കൈ കൊടുക്കാന്‍ പോലും സെറീന നിന്നില്ല.

Content Highlights: i didnt know what was going on was just trying -to focus osaka