മെക്‌സിക്കോ: വുമണ്‍സ് ടെന്നീസ് അസോയിയേഷന്‍ (ഡബ്ല്യു.ടി.എ)ഫൈനല്‍സ് ടൂര്‍ണമെന്റില്‍ സ്‌പെയിനിന്റെ ഗാര്‍ബൈന്‍ മുഗുരുസയ്ക്ക് കിരീടം. 

ലോക എട്ടാം നമ്പര്‍ താരമായ മുഗുരുസ ഫൈനലില്‍ എസ്റ്റോണിയയുടെ അനെറ്റ് കോണ്ടാവെയ്റ്റിനെ തകര്‍ത്താണ് കിരീടത്തില്‍ മുത്തമിട്ടത്. ഇതാദ്യമായാണ് മുഗുരുസ ഡബ്ല്യു.ടി.എ.ഫൈനല്‍സ് കിരീടം നേടുന്നത്. 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുഗുരുസയുടെ വിജയം. സ്‌കോര്‍: 6-3, 7-5. മുഗുരുസയുടെ കരിയറിലെ പത്താം ഡബ്ല്യു.ടി.എ കിരീടവുമാണിത്. ആദ്യ സെറ്റ് അനായാസം നേടിയ മുഗുരുസയെ രണ്ടാം സെറ്റില്‍ വിറപ്പിക്കാന്‍ അനെറ്റിന് സാധിച്ചു. 

രണ്ടാം സെറ്റില്‍ പിന്നില്‍ നിന്ന സ്പാനിഷ് താരം അവസാന നാല് ഗെയിമുകളിലും വിജയം നേടിക്കൊണ്ട് കിരീടം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഡബ്ല്യു.ടി.എ ഫൈനല്‍സ് കിരീടം നേടുന്ന ആദ്യ സ്‌പെയിന്‍ താരം എന്ന റെക്കോഡ് മുഗുരുസ സ്വന്തമാക്കി.

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ മുഗുരുസ രണ്ട് തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടുണ്ട്. ഈ വര്‍ഷം മുഗുരുസ സ്വന്തമാക്കുന്ന മൂന്നാം കിരീടമാണിത്. 

Content Highlights: Garbine Muguruza beats Anett Kontaveit to win WTA Finals title