പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നഡാലും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. വനിതാ വിഭാഗത്തില്‍ ജോഹന്ന കോന്റ, മാര്‍ക്കെറ്റ വോന്‍ഡ്രൗസോവ, പെട്ര മാര്‍ട്ടിച്ച് എന്നിവരും അവസാന എട്ടില്‍ ഇടം നേടി.

ലോക മൂന്നാം നമ്പര്‍താരം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ അര്‍ജന്‍ന്റീനയുടെ ലിയനാര്‍ഡോ മേയറെ പ്രീക്വാര്‍ട്ടറില്‍ കീഴടക്കി (6-2, 6-3, 6-3). 12ാം തവണയാണ് ഫെഡറര്‍ ക്വാര്‍ട്ടറിലെത്തുന്നത്. ലോക രണ്ടാം നമ്പര്‍താരമായ സ്‌പെയിനിന്റെ റാഫേല്‍ നഡാല്‍ അര്‍ജന്റീനയുടെ യുവാന്‍ ഇഗ്‌നാഷിയോ ലോന്‍ഡെറോയെ കീഴടക്കിയാണ് മുന്നേറിയത്(6-2, 6-3, 6-3).

വനിതവിഭാഗത്തില്‍ ബ്രിട്ടന്റെ ജോഹന്ന ക്രൊയേഷ്യയുടെ ഡോണ്ണ വെക്കിച്ചിനെയും (6-2,6-4) ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ക്കെറ്റ ലാത്വിയയുടെ അനസ്താസിയ സെവസ്‌തോവയെയും (6-2,6-0) ക്രൊയേഷ്യയുടെ പെട്ര മാര്‍ട്ടിച്ച് എസ്തോണിയയുടെ കെയ് കനെപിയെയും (5-7,6-2,6-4) തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. കഴിഞ്ഞദിവസം മുന്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ പുറത്തായി.

Content Highlights: French Open Tennis Roger Federer Rafael Nadal