പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് സെമിഫൈനലിൽ താരോദയങ്ങൾ. ആദ്യ പത്തു സീഡിനുള്ളിലുള്ള ഒരൊറ്റ താരം പോലും സെമിയിൽ ഇടം നേടിയില്ല. 31-ാം സീഡ് പവ്ലുചെങ്കോവ, സീഡില്ലാ താരം തമാര സിദാൻസെക്, 17-ാം സീഡ് മരിയ സക്കാരി, സീഡില്ലാ താരം ബാർബറ ക്രെജിക്കോവ എന്നിവരാണ് അവസാന നാലിലെത്തിയ പുതിയ താരങ്ങൾ.

എട്ടാം സീഡും മുൻ ചാമ്പ്യനുമായ ഇഗ സ്വിയാറ്റെകിനെ അട്ടിമറിച്ചാണ് ഗ്രീസിൽ നിന്നുള്ള മരിയ സക്കാരി സെമിയിൽ ഇടം നേടിയത്. സക്കാരിയുടെ ആദ്യ ഗ്രാൻസ്ലാം സെമിയാണിത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഗ്രീക്ക് താരത്തിന്റെ വിജയം. സ്കോർ: 6-4,6-4.

24-ാം സീഡും 17-കാരിയുമായ കോക്കോ ഗൗഫിനെ അട്ടിമറിച്ചാണ് ക്രെജിക്കോവ സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഗൗഫിനെതിരേ ആദ്യ സെറ്റ് ടൈ ബ്രേക്കറിലൂടെ നേടിയ ചെക്ക് താരം രണ്ടാം സെറ്റ് 6-3ന് അനായാസം സ്വന്തമാക്കി.

സ്പാനിഷ് താരം പൗല ബദോസയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തിൽ മറികടന്നാണ് സ്ലൊവേനിയൻ താരം തമാര സിദാൻസെക് സെമിയിലേക്ക് ടിക്കെറ്റെടുത്തത്. ആദ്യ സെറ്റ് തമാര നേടിയപ്പോൾ രണ്ടാം സെറ്റിൽ പൗല തിരിച്ചടിച്ചു. എന്നാൽ നിർണായകമായ മൂന്നാം സെറ്റ് ടൈ ബ്രേക്കറിന് ഒടുവിൽ തമാര സ്വന്തമാക്കി. ഗ്രാൻസ്ലാം വനിതാ സിംഗിൾസ് സെമിയിലെത്തുന്ന ആദ്യ വനിതാ സ്ലൊവേനിയൻ താരം എന്ന ചരിത്രവും തമാര സ്വന്തം പേരിനൊപ്പം ചേർത്തു.

31-ാം സീഡ് പവ്ലുചെങ്കോവ 21-ാം സീഡുകാരിയായ എലേന റയ്ബാകിനയെ അട്ടിമറിച്ചു. ആദ്യ സെറ്റ് കടുത്ത പോരാട്ടത്തിനൊടുവിൽ നേടിയ എലേന പക്ഷേ രണ്ടാം സെറ്റിൽ അനായാസം കീഴടങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മൂന്നാം സെറ്റിൽ ടൈ ബ്രേക്കറിന് അവസാനം 9-7ന് പവ്ലുചെങ്കോവ വിജയിച്ചു.

അതേസമയം പുരുഷ സിംഗിൾസിൽ മൂന്നാം സീഡ് റാഫേൽ നദാൽ സെമിയിലേക്ക് മുന്നേറി. 10-ാം സീഡ് അർജന്റീനയുടെ ഡീഗോ സ്വാർട്സ്മാനെ കീഴടക്കിയാണ് നദാൽ സെമി ടിക്കറ്റെടുത്തത്. മത്സരം നാല് സെറ്റു നീണ്ടുനിന്നു. നദാലിന്റെ കരിയറിലെ 14-ാം ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലാണിത്. സ്കോർ: 6-3, 4-6,6-4,6-0.

Content Highlights: French Open Tennis Rafael Nadal reaches semi final