പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ച് രണ്ടാം റൗണ്ടിൽ. അമേരിക്കയുടെ സീഡില്ലാ താരം ടെന്നീസ് സന്ദ്ഗ്രേനിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ദ്യോക്കോവിച്ചിന്റെ മുന്നേറ്റം.

ദ്യോക്കോവിച്ച് 11-ൽ അഞ്ച് ബ്രേക്ക് പോയിന്റുകൾ നേടിയപ്പോൾ ആറു ബ്രേക്ക് പോയിന്റിൽ ഒന്നുപോലും നേടാൻ അമേരിക്കൻ താരത്തിന് കഴിഞ്ഞില്ല. സ്കോർ: 6-2,6-4,6-2.

അതേസമയം വനിതാ സിംഗിൾസിൽ അർബുദത്തെ തോൽപ്പിച്ച് ടെന്നീസ് കളത്തിലിറങ്ങിയ സ്പാനിഷ് താരം കാർല സോറസ് ആദ്യ റൗണ്ടിൽ തോറ്റുപുറത്തായി. അമേരിക്കൻ താരം സൊളാനി സ്റ്റീഫൻസാണ് കാർല സോറസിനെ പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റ് സോറസ് നേടിയങ്കിലും അടുത്ത രണ്ട് സെറ്റിലും പിടിച്ചുനിൽക്കാനായില്ല. രണ്ടാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കീഴടങ്ങിയത്. സ്കോർ: 6-3, 6-7,4-6. ലോക റാങ്കിങ്ങിൽ ആറാം സ്ഥാനം വരെയെത്തിയ സോറസിനെ അർബുദം തളർത്തുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് താരത്തിന് അർബുദം സ്ഥിരീകരിച്ചത്.

പുരുഷ സിംഗിൾസിൽ മൂന്നാം സീഡ് റാഫേൽ നദാലും രണ്ടാം റൗണ്ടിലെത്തി. സീഡില്ലാ താരം അലക്സെയ് പോപ്പിറിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സ്പാനിഷ് താരത്തിന്റെ മുന്നേറ്റം. സ്കോർ: 6-3,6-2,7-6.

Content Highlights: French Open Tennis Novak Djokovic Carla Saurez