പാരിസ്: ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റിന്റെ സെമി ഫൈനലിലെത്തുന്ന ആദ്യ സ്ലൊവേനിയൻ വനിതാ താരമായി തമാര സിദാൻസെക്. ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് താരം പൗല ബദോസയെ തോൽപ്പിച്ചാണ് തമാര ചരിത്രനേട്ടത്തിലെത്തിയത്. മൂന്നു സെറ്റു നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു 85-ാം റാങ്കുകാരിയായ തമാരയുടെ വിജയം.

ആദ്യ സെറ്റ് 7-5ന് സ്വന്തമാക്കിയ തമാര രണ്ടാം സെറ്റിൽ അനായാസം (4-6) കീഴടങ്ങി. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ ടൈ ബ്രേക്കറിനൊടുവിൽ 8-6ന് വിജയിച്ച് തമാര മത്സരം സ്വന്തമാക്കി. 33-ാം റാങ്കുകാരിയായ ബദോസ ഈ സീസണിൽ കളിമൺ കോർട്ടിൽ ഏറ്റവും കൂടുതൽ വിജയം നേടിയ താരമാണ്. എന്നാൽ ആ മികവ് തമാരയ്ക്കുമുന്നിൽ ആവർത്തിക്കാനായില്ല.

എട്ടാം സീഡ് ഇഗാ സ്വിയാറ്റെകും സെമിയിലേക്ക് മുന്നേറി. സീഡില്ലാ താരം മാർറ്റ കോസ്റ്റിയൂകിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സ്വിയാറ്റെകിന്റെ മുന്നേറ്റം. 12-ൽ നാല് ബ്രേക്ക് പോയിന്റുകൾ സ്വിയാറ്റെക് നേടിയപ്പോൾ ഏഴിൽ രണ്ട് ബ്രേക്ക് പോയിന്റ് മാത്രമാണ് കോസ്റ്റിയൂകിന് മറികടക്കാനായത്.

Content Highlights: French Open Tennis 2021 Tamara Zidansek