പാരിസ്: ചെക് റിപ്പബ്ലിക്കിന്റെ നാലാം സീഡ് താരം സോഫിയ കെനിൻ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ. 2020-ലെ രണ്ടാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ട് സോഫിയ പത്തൊമ്പതുകാരി ഇഗ സ്വിയാറ്റെകിനെ നേരിടും. ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവാണ് സോഫിയ.

ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ സെമി ഫൈനലിൽ എത്തിയ ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് സോഫിയ ഫൈനലിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സോഫിയയുടെ വിജയം.

ആദ്യ സെറ്റ് 6-4ന് നേടിയ സോഫിയ രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം പുറത്തെടുക്കേണ്ടി വന്നു. ഒടുവിൽ 7-5നു സെറ്റും മത്സരവും സ്വന്തമാക്കി. അഞ്ചു ബ്രേക്ക് പോയിന്റുകളിൽ നാല് എണ്ണവും സോഫിയ ബ്രേക്ക് ചെയ്തപ്പോൾ 12-ൽ വെറും രണ്ടെണ്ണം മാത്രമാണ് ക്വിറ്റോവയ്ക്ക് മുതലാക്കാനായത്.

അതേസമയം പുരുഷ സിംഗിൾസ് സെമിയിൽ രണ്ടാം സീഡ് റാഫേൽ നദാൽ 12-ാം സീഡ് ഡീഗോ സ്ക്വാർട്ട്സ്മാനെ നേരിടും. മറ്റൊരു സെമിയിൽ ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ചും അഞ്ചാം സീഡ് സ്റ്റിഫാനോസ് സിറ്റ്സിപാസും ഏറ്റുമുട്ടും.

Content Highlights: French Open Tennis 2020 Sofia Kenin vs Iga Swiatek