പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് സെപ്റ്റംബർ 27-ന് തുടങ്ങിയേക്കും. നേരത്തെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സെപ്റ്റംബർ 20-ലേക്കാണ് ടൂർണമെന്റ് മാറ്റിവെച്ചിരുന്നത്. എന്നാൽ ഒരാഴ്ച്ച കൂടി വൈകിയാകും ഫ്രഞ്ച് ഓപ്പൺ തുടങ്ങുകയെന്ന് സംഘാടകർ വ്യക്തമാക്കുന്നു. ഈ ഒരാഴ്ച്ച യോഗ്യതാ റൗണ്ടുകളാകും നടക്കുക എന്നും ഫ്രഞ്ച് പത്രമായ ലാ പാരിസിയനിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എടിപി, ഡബ്ല്യുടിഎ, ഐടിഎഫ് എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും ഇവരെല്ലാം കലണ്ടർ അംഗീകരിക്കാനായി കാത്തിരിക്കുകയാണെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ വ്യക്തമാക്കി.

ജൂൺ 24നായിരുന്നു ഫ്രഞ്ച് ഓപ്പൺ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ മാർച്ച് മധ്യത്തിൽ കൊറോണ വ്യാപനത്തെ തുടർന്ന് ഫ്രാൻസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ ടൂർണമെന്റ് സെപ്റ്റംബറിലേക്ക് നീട്ടിവെയ്ക്കുകയായിരുന്നു. മറ്റു ടെന്നീസ് ഫെഡറേഷനുകളോടൊന്നും ആലോചിക്കാതെ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തിൽ ഫ്രഞ്ച് ഫെഡറേഷനെതിരേ വിമർശനവുമയർന്നിരുന്നു.

ഫ്രഞ്ച് ഓപ്പൺ വൈകിയാൽ ഗ്രാൻസ്ലാമിലെ അടുത്ത ടൂർണമെന്റായ യു.എസ് ഓപ്പൺ രണ്ടാഴ്ച്ചയെങ്കിലും നിർത്തിവെയ്ക്കേണ്ടി വരും. സെപ്റ്റംബർ 13-ന് അവസാനിക്കുന്ന രീതിയിലാണ് യു.എസ് ഓപ്പൺ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂൺ 29 മുതൽ ജൂലൈ 12 വരെ നടക്കേണ്ട വിംബിൾഡൺ നേരത്തെതന്നെ റദ്ദാക്കിയിരുന്നു.

content highlights: French Open Now Eyeing September 27 Start