പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്ന് പോളണ്ടിന്റെ ഇഗ സ്വിയാറ്റെക്. 69 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ അര്‍ജന്റീന താരം നാദിയ പൊഡൊറോസ്‌കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈ 19-കാരി തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലിന് സീറ്റുറപ്പിച്ചത്. സ്‌കോര്‍: 6-2, 6-1. 

ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തില്‍ സീഡ് ചെയ്യപ്പെടാതെ ഫൈനലില്‍ ഇടംനേടുന്ന ഏഴാമത്തെ മാത്രം താരമെന്ന നേട്ടവും ഇഗ സ്വിയാറ്റെക് സ്വന്തമാക്കി. ഇതോടൊപ്പം കഴിഞ്ഞ 81 വര്‍ഷത്തിനിടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇടംനേടുന്ന ആദ്യ പോളിഷ് വനിതയുമാണ് സ്വിയാറ്റെക്. 

പെട്ര ക്വിറ്റോവ - സോഫിയ കെനിന്‍ സെമിഫൈനല്‍ മത്സരത്തിലെ വിജയിയാകും ഫൈനലില്‍ സ്വിയാറ്റെക്കിന്റെ എതിരാളി.

2012-ല്‍ വിമ്പിള്‍ഡണ്‍ ഫൈനലിലെത്തിയ അഗ്നിയെസ്‌ക റഡ്‌വാന്‍സ്‌കയ്ക്കു ശേഷം ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ പോളിഷ് വനിതയും കൂടിയാണ് സ്വിയാറ്റെക്. നാലാം റൗണ്ടില്‍ സിമോണ ഹാലപ്പിനെതിരേ നേടിയ വിജയമടക്കം ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെയാണ് സ്വിയാറ്റെക്കിന്റെ മുന്നേറ്റം.

Content Highlights: French Open 2020 19 year-old Iga Swiatek reaches maiden Grand Slam final