സിഡ്‌നി: ഓസ്‌ട്രേലിയയുടെ ടെന്നീസ് ഇതിഹാസം ആഷ്‌ലി കൂപ്പര്‍ (83) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. 1950-കളില്‍ നാല് തവണ ഗ്രാന്‍സ്ലാം ജേതാവായ കൂപ്പര്‍ ഒരുകാലത്ത് ടെന്നീസിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു.
1958-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും യു.എസ് ഓപ്പണും കൂപ്പര്‍ സ്വന്തമാക്കി. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം മൂന്നു ഗ്രാന്‍സ്ലാം നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ താരവും ഇടം നേടി. ആകെ 11 പേരാണ് നിലവില്‍ ഈ പട്ടികയിലുള്ളത്.
കൂപ്പര്‍ നേടിയ നാല് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട്. നാല് തവണയും ഫൈനലില്‍ സ്വന്തം നാട്ടുകാരെയാണ് കൂപ്പര്‍ തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നീല്‍ ഫ്രേസറെ തോല്‍പ്പിച്ച് തന്റെ ആദ്യ ഗ്രാന്‍സ്ലാം നേടിയ കൂപ്പര്‍ക്ക് വിബിംള്‍ഡണിലും എതിരാളി ഫ്രേസര്‍ തന്നെയായിരുന്നു. ഫൈനലിന് മുമ്പ് ഒരേ റൂമില്‍ താമസിച്ച്, രാവിലെ ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷമാണ് ഇരുവരും പോരാട്ടത്തിനായി കോര്‍ട്ടിലേക്കിറങ്ങിയത്. അവിടേയും വിജയം കൂപ്പര്‍ക്കൊപ്പം നിന്നു.
നാല് തവണ ഗ്രാന്‍സ്ലാം പുരുഷ ഡബിള്‍സ് കിരീടവും കൂപ്പര്‍ അക്കൗണ്ടിലെത്തിച്ചു. അതില്‍ മൂന്നു കിരീടത്തിലും പങ്കാളി നീല്‍ ഫ്രേസറായിരുന്നു. 1957-ല്‍ ഓസ്‌ട്രേലിയയെ കൂപ്പര്‍ ഡേവിസ് കപ്പ് കിരീടത്തിലേക്ക് നയിച്ചു.
1959-ല്‍ മിസ് ഓസ്‌ട്രേലിയ ആയിരുന്ന ഹെലന്‍വുഡിനെയാണ് കൂപ്പര്‍ വിവാഹം കഴിച്ചത്. കോര്‍ട്ടിന് അകത്തും പുറത്തും ചാമ്പ്യനായിരുന്നു കൂപ്പറെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ടെന്നീസ് ഇതിഹാസം റോഡ് ലേവര്‍ പ്രതികരിച്ചു.
content highlights: Four time Grand Slam singles champion Ashley Cooper dies