ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണിലെ മൂന്നാം റൗണ്ട് മത്സരത്തിനിടെ എതിരാളിയെപോലും അമ്പരപ്പിച്ച് ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍.

മത്സരത്തിനിടെ 37-കാരനായ ഫെഡററുടെ ഒരു ഫ്‌ളിക്ക് കണ്ട് എതിരാളിയായ നിക്ക് കിര്‍ഗിയോസ് വാപൊളിച്ചു നില്‍ക്കുന്ന ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന്റെ മൂന്നാം സെറ്റിലായിരുന്നു സംഭവം.

സെര്‍വ് തുടങ്ങിയത് നിക്ക്. നിക്കിന്റെ വലതുഭാഗത്തേക്ക് ഫെഡററുടെ ഷോട്ട്. അതിന് നിക്കിന്റെ മറുപടി നെറ്റിന്റെ വലതുമൂലയിലേക്ക് ഒരു ഡ്രോപ്പ് ഷോട്ടായിരുന്നു. തന്റെ കോര്‍ട്ടിന്റെ ഏറ്റവും പിന്നിലായി നിലയുറപ്പിച്ചിരുന്ന ഫെഡറര്‍ എത്തിപ്പിടിക്കാവുന്നതിലും അപ്പുറമെന്ന് തോന്നിച്ച ഷോട്ട്. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഫെഡ് ഒരുക്കമായിരുന്നില്ല. ഓടിച്ചെന്ന് പന്തിനെ ഫ്‌ളിക്ക് ചെയ്ത് ഫെഡറര്‍ പോയിന്റ് നേടിയെടുക്കുമ്പോള്‍ ക്യാമറ നിക്കിന്റെ അദ്ഭുതം ഒപ്പിയെടുക്കുകയായിരുന്നു. 

നിക്ക് വാ പൊളിച്ച് ഈ ഷോട്ടിനെ സ്വീകരിച്ചപ്പോള്‍ കാണികള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് ഫെഡിന്റെ ഫ്‌ളിക്കിനെ വരവേറ്റത്. മത്സരത്തില്‍ 23-കാരനായ നിക്കിനെ തോല്‍പ്പിച്ച് ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍: 6-4, 6-1, 7-5. തിങ്കളാഴ്ച ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെയാണ് ക്വാര്‍ട്ടറില്‍ ഫെഡറര്‍ നേരിടുക.

Content Highlights: federers insane flick shot leaves nick kyrgios open mouthed