മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പൺ ടെന്നിസിനിടെ വീനസ് വില്ല്യംസിനെ ഗൊറില്ല എന്ന് വിളിച്ച കമന്റേറ്ററെ ഇ.എസ്.പി.എന്‍ പിരിച്ചുവിട്ടു. രണ്ടാം റൗണ്ടില്‍ സ്റ്റെഫാനി വീഗെലെക്കെതിരായ മത്സരത്തിനിടെയായിരുന്നു ഇ.എസ്.പി.എന്‍ കമേന്ററ്ററായ ഡഗ് ആഡ്‌ലറുടെ വിവാദ പരാമര്‍ശം. 

ആദ്യ സെറ്റിലെ നാലാം ഗെയിമിനിടെ സ്‌റ്റെഫാനിയുടെ രണ്ടാം സെര്‍വിനെ വീനസ് ശക്തിയോടെ നേരിട്ടു എന്ന് വിശേഷിപ്പിക്കാനായി ആഡ്‌ലര്‍ തിരെഞ്ഞെടുത്തത് ഗോറില്ല എന്ന വാക്കായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ആഡ്‌ലറുടെ വംശീയ അധിക്ഷേപത്തിനെതിരെ ആളുകള്‍ ശക്തമായി പ്രതിഷേധമാണ് വന്നത്. ഒട്ടും വൈകാതെ തന്നെ തങ്ങളുടെ കമന്റേറ്ററെ പിരിച്ചുവിട്ടതായി ഇ.എസ്.പി.എന്‍ അറിയിക്കുകയായിരുന്നു.

എന്നാല്‍ നല്ല ഉദ്ദേശത്തോടെ വീനസിന്റെ കരുത്തിനെയും കൗശലത്തെയും താന്‍ വിശേഷിപ്പിച്ചത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് ആഡ്‌ലര്‍ പ്രതികരിച്ചു. ഒളിപ്പോരാളി എന്നര്‍ഥം വരുന്ന 'ഗറില്ല' എന്ന വാക്കാണ് താന്‍ ഉപയോഗിച്ചതെന്നും ആഡ്‌ലര്‍ ചൂണ്ടിക്കാട്ടി. മത്സരത്തില്‍ 6-3,6-2ന് സ്‌റ്റെഫാനിയെ തോല്‍പ്പിച്ച് വീനസ് മൂന്നാം റൗണ്ടില്‍ കടന്നു.