എസ്പു: ഫിന്‍ലന്‍ഡിനെതിരായ ഡേവിസ് കപ്പ് ടെന്നീസ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. ലോക ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍ ഫിന്‍ലന്‍ഡിന്റെ എമില്‍ റൂസുവോറിയോട് തോല്‍വി വഴങ്ങി. 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫിന്‍ലന്‍ഡ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-4, 7-5. ലോക റാങ്കിങ്ങില്‍ 74-ാം സ്ഥാനത്തുള്ള താരമാണ് എമില്‍. രാംകുമാര്‍ 187-ാം റാങ്കിലാണ്. ഈ വിജയത്തോടെ ഇന്ത്യയ്‌ക്കെതിരേ ഫിന്‍ലന്‍ഡ് 2-0 ന് ലീഡെടുത്തു. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ ഫിന്‍ലന്‍ഡിന്റെ ഓട്ടോ വിര്‍ടാനെനോട് പരാജയപ്പെട്ടിരുന്നു. ലോകറാങ്കിങ്ങില്‍ 165-ാം സ്ഥാനത്തുള്ള പ്രജ്‌നേഷിനെ 419-ാം സ്ഥാനത്തുള്ള വിര്‍ടാനെന്‍ അട്ടിമറിക്കുകയായിരുന്നു.

പ്രജ്‌നേഷും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 6-3, 7-6. ഇന്ത്യയ്ക്ക് ഇനി റിവേഴ്‌സ് സിംഗിള്‍സ് മത്സരങ്ങളും ഡബിള്‍സ് മത്സരങ്ങളും കളിക്കാനുണ്ട്. 

ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാം

Content Highlights: Emil Ruusuvuori defeats Ramanathan, Finland take 2-0 lead in Davis Cup