കാലിഫോര്‍ണിയ: ആറാം ഇന്ത്യന്‍ വെല്‍സ് ടെന്നീസ് കിരീടമെന്ന റോജര്‍ ഫെഡററുടെ മോഹം തകര്‍ത്ത് ഓസ്ട്രിയന്‍ താരം ഡൊമിനിക് തിയെം. ഞായറാഴ്ച നടന്ന ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചടിച്ച ഡൊമിനിക് 3-6, 6-3, 7-5 എന്ന സ്‌കോറിനാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തിയത്. 

ലോക എട്ടാം നമ്പര്‍ താരമായ 25-കാരന്റെ ആദ്യ എ.ടി.പി മാസ്റ്റേഴ്സ് 1000 കിരീടമാണിത്. 1997-ല്‍ തോമസ് മസ്റ്റര്‍ മിയാമിയില്‍ കിരീടം നേടിയ ശേഷം മാസ്റ്റേഴ്സ് 1000 കിരീടം നേടുന്ന ആദ്യ ഓസ്ട്രിയന്‍ താരമാണ് ഡൊമിനിക്. രണ്ടു മണിക്കൂറും രണ്ടു മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്റെ വിജയം. 

മുന്‍പ് നടന്ന രണ്ട് മാസ്റ്റേഴ്സ് ഫൈനലുകളിലും പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനും ഡൊമിനിക്കിനായി. കരിയറില്‍ ഫെഡറര്‍ക്കെതിരേ നടന്ന അഞ്ചു ഏറ്റുമുട്ടലുകളില്‍ ഡൊമിനിക് നേടുന്ന മൂന്നാമത്തെ വിജയമാണിത്. അതേസമയം ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് ഫൈനില്‍ പരാജയപ്പെടുന്നത്.

Content Highlights: dominic thiem rallies to deny roger federer sixth atp indian wells masters title