പാരീസ്: കപ്പും കോര്‍ട്ടും കളിക്കാരും വ്യത്യാസമില്ല. ഇനി അറിയേണ്ടത് റാഫേല്‍ നദാല്‍ ചരിത്രം ആവര്‍ത്തിക്കുമോ അതോ ഡൊമനിക് തീം പുതിയ ചരിത്രമെഴുതുമോയെന്ന് മാത്രം. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ കഴിഞ്ഞ തവണത്തേതുപോലെ നദാലും ഡൊമനിക്ക് തീമും മുഖാമുഖം.

മഴ മുടക്കിയതോടെ രണ്ടാം ദിവസത്തേക്ക് നീണ്ട അഞ്ച് സെറ്റ് മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം നോവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് തീം തുടര്‍ച്ചയായ രണ്ടാം ഫൈനലിന് അര്‍ഹത നേടിയത് (2-6, 6-3, 5-7, 7-5, 5-7). റോജര്‍ ഫെഡററെ കീഴടക്കിയാണ് നദാല്‍ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്.

കഴിഞ്ഞവര്‍ഷം തീമിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് നദാല്‍ കിരീടം നേടിയത്. 2017-ല്‍ സെമിയിലും തീം നദാലിന് മുന്നില്‍ വീണിരുന്നു. നദാല്‍ 12-ാം കിരീടമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ആദ്യ ഗ്രാന്‍സ്ലാമാണ് ഓസ്ട്രിയന്‍ താരം തീമിന് മുന്നിലുള്ളത്.

ഓരോ പോയന്റിനും കടുത്തപോരാട്ടം കണ്ട മത്സരത്തിലാണ് സെര്‍ബിയയുടെ ദ്യോക്കോവിച്ചിനെ തീം മറികടന്നത്. മഴകാരണം കളി നിര്‍ത്തിവെക്കുമ്പോള്‍ (2-6, 6-3, 1-3) എന്ന നിലയില്‍ ദ്യോക്കോവിച്ച് പിന്നിലായിരുന്നു. മൂന്നാം സെറ്റ് തീം നേടിയെങ്കിലും നാലാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച ദ്യോക്കോവിച്ച് ഒപ്പമെത്തി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ 1-4 ന് പിന്നില്‍ നിന്നശേഷം 5-5 ന് ഒപ്പം പിടിച്ചെങ്കിലും തീമിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു. 2017-ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തീം ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചിരുന്നു.

Content Highliglights: Dominic Thiem outlasts Novak Djokovic to reach French Open final