മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ അട്ടിമറി. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പുറത്ത്. ഓസ്ട്രിയയുടെ ഡൊമനിക് തീം നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ നദാലിനെ അട്ടിമറിച്ചു. 

ആദ്യ രണ്ട് സെറ്റും ടൈ ബ്രേക്കറിലൂടെ നേടി ഡൊമനിക് തീം 2-0ത്തിന് ലീഡെടുത്തു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ നദാല്‍ തിരിച്ചടിച്ചു. പക്ഷേ നാലാം സെറ്റും ടൈ ബ്രേക്കറിനൊടുവില്‍ നേടി ഓസ്ട്രിയന്‍ താരം സെമി ഫൈനലിലേക്ക് മുന്നേറി. സ്‌കോര്‍: 7-6 (7/3), 7-6(7/4), 4-6, 7-6(8/6).

സ്റ്റാന്‍സിലാസ് വാവ്‌റിങ്കയെ തോല്‍പ്പിച്ച ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് ആണ് സെമിയില്‍ തീമിന്റെ എതിരാളി. അഞ്ചാം സീഡായ തീം നേരത്തെ രണ്ടു തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാലിനോട് പരാജയപ്പെട്ടിട്ടുണ്ട്. ആ തോല്‍വികള്‍ക്കുള്ള മധുരപ്രതികാരം കൂടിയായി ഈ വിജയം. 

 

Content Highlights: Dominic Thiem Beats Rafael Nadal Australian Open Tennis