ലണ്ടൻ: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ റോജർ ഫെഡററെ (7-6, 1-6, 7-6, 4-6, 13-12) തോൽപ്പിച്ച് നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് ചാമ്പ്യൻ. വിംബിൾഡണിൽ ജോക്കോവിച്ചിന്റെ തുടർച്ചയായ രണ്ടാം കിരീടവും ആകെ അഞ്ചാം കിരീടവുമാണ്. ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ ജോക്കോവിച്ചിന്റെ 16-ാം കിരീടമാണിത്.

വിംബിള്‍ഡണ്‍ സിംഗിള്‍സിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലിനലാണ് ലണ്ടനിലെ സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. ടൈ ബ്രേക്കറുകള്‍ കൊണ്ട് നിറഞ്ഞ മത്സരത്തിന്റെ ഫലം വന്നപ്പോള്‍ നാല് മണിക്കൂറും 57 മിനിറ്റും പിന്നിട്ടിരുന്നു. അവസാന നിമിഷം വരെ പോരാടിയ 37-കാരനായ ഫെഡറര്‍ തോറ്റെങ്കിലും കൈയടിയോടെയാണ് കാണികള്‍ യാത്രയാക്കിയത്. ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം എന്നായിരുന്നു കിരീടം നേടിയ ശേഷം ജോക്കോവിച്ചിന്റെ കമന്റ്.

ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെയാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. എന്നാൽ, ശക്തമായ തിരിച്ചുവരവ് നടത്തിയ ഫെഡറർ അനായാസം രണ്ടാം സെറ്റ് സ്വന്തമാക്കി. ഒന്നാം സെറ്റ് പോലെ മൂന്നാം സെറ്റും ടൈബ്രേക്കറിലേക്ക് നീങ്ങിയതോടെ ജോക്കോവിച്ച് ലീഡെടുത്തു. നാലാം സെറ്റിൽ ഫെഡറർ വീണ്ടും തിരിച്ചെത്തി. ജോക്കോയെ 6-4 ന് മറികടന്ന് ഫെഡറർ നാലാം സെറ്റ് സ്വന്തമാക്കി. അഞ്ചാം സെറ്റിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം പോരാടി. ഗെയിം പോയന്റുകൾ 12-12 ലെത്തിയതോടെ അഞ്ചാം സെറ്റും ടൈബ്രേക്കറിലേക്ക് നീങ്ങി. ടൈ ബ്രേക്കറിൽ ഫെഡററെ 7-3 ന് കീഴടക്കി ജോക്കോവിച്ച് വിംബിൾഡൺ കിരീടം നിലനിർത്തി.

Content Higlights: Djokovic wins fifth Wimbledon title Defeating Roger Federer