പാരിസ്: എ.ടി.പിയുടെ ഈ വര്‍ഷത്തെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ടെന്നീസ് ലോകത്തെ ത്രിമൂര്‍ത്തികള്‍. ജോക്കോവിച്ചും ഫെഡററും നദാലും ഫ്രാന്‍സെസ് ടിയാഫോയും റുബലേവും വിവിധ വിഭാഗത്തിലുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.
ലോക ഒന്നാം നമ്പര്‍ താരത്തിനുള്ള പുരസ്‌കാരമാണ് സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ച് സ്വന്തമാക്കിയത്. താരം ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയിരുന്നു. കരിയറില്‍ എട്ടാം തവണയാണ് താരം ഈ കിരീടം സ്വന്തമാക്കുന്നത്.
ആരാധകരുടെ പ്രിയപ്പെട്ട താരം എന്ന പുരസ്‌കാരമാണ് മുന്‍ലോക ഒന്നാംനമ്പറും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഇതിഹാസതാരവുമായ റോജര്‍ ഫെഡറര്‍ സ്വന്തമാക്കിയത്. ഈ വര്‍ഷം അഞ്ച് സിംഗിള്‍സ് മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും വോട്ടെടുപ്പില്‍ താരം മുന്നിലെത്തി. തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷമാണ് താരത്തിന് എ.ടി.പി പുരസ്‌കാരം ലഭിക്കുന്നത്.
സ്‌പെയിനിന്റെ ഇതിഹാസതാരം റാഫേല്‍ നദാലിന് സ്റ്റെഫാന്‍ എഡ്‌ബെര്‍ഗ് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് അവാര്‍ഡാണ് ലഭിച്ചത്. തുടര്‍ച്ചയായി മൂന്നുവര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയതിന്റെ മികവിലാണ് താരത്തിന് ഈ പുരസ്‌കാരം ലഭിച്ചത്. കരിയറില്‍ 13 തവണ നദാല്‍ റോളണ്ട് ഗാരോസില്‍ കിരീടമുയര്‍ത്തിയിട്ടുണ്ട്.
യുവതാരം ടിയഫോയ്ക്ക് ആര്‍തര്‍ ആഷെ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് ലഭിച്ചു. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് താരത്തിന് ഈ പുരസ്‌കാരം ലഭിച്ചത്. ഏറ്റവും വളര്‍ച്ച കൈവരിച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് റഷ്യയുടെ ആന്ദ്രെ റുബലേവാണ്. ഈ വര്‍ഷമാദ്യം 23-ാം റാങ്കിലുണ്ടായിരുന്ന താരം അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കി എട്ടാം റാങ്കിലെത്തി. ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാറാസ് സ്വന്തമാക്കി.
Content Highlights: Djokovic, Federer, Nadal, Tiafoe win ATP awards for 2020