നൂര്‍ സുല്‍ത്താന്‍ (കസാഖ്സ്താന്‍): ഡേവിസ് കപ്പ് ടെന്നീസില്‍ പാകിസ്താനെതിരേ ഏകപക്ഷീയ ജയം സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍. ഏഷ്യ-ഒഷ്യാനിയ ടൈയില്‍ വെള്ളിയാഴ്ച്ച നടന്ന രണ്ടു സിംഗിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ ജയിച്ചു. രാംകുമാര്‍ രാംനാഥും സുമിത് നാഗലുമാണ് വിജയം സ്വന്തമാക്കിയത്. 

രാംനാഥ് (6-0, 6-0) ഷോയിബ് മുഹമ്മദിന് ഒരവസരവും നല്‍കാതെ വിജയിച്ചു. രണ്ടാം സെറ്റിന്റെ ആറാം ഗെയിമില്‍ മാത്രമാണ് ഷോയിബിന് വെല്ലുവിളിയുയര്‍ത്താനായത്. ഈ ഗെയിമില്‍ താരം രണ്ടുതവണ ഡ്യൂസ് ഘട്ടത്തിലെത്തിച്ചു. എന്നാല്‍, അത് പോയന്റാക്കാന്‍ സാധിച്ചില്ല. 42 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്.

രണ്ടാം സിംഗിള്‍സില്‍ സുമിതും ഫോം തുടര്‍ന്നു. 6-0, 6-2നാണ് ഹുസൈഫ അബ്ദുല്‍ റഹ്മാനെതിരേ സുമിതിന്റെ ജയം. മത്സരം 64 മിനിറ്റ് മാത്രമാണ് നീണ്ടത്. സുമിതിന്റെ ആദ്യ ഡേവിസ് കപ്പ് ജയമാണിത്. ശനിയാഴ്ച ആദ്യം ഡബിള്‍സും പിന്നീട് റിവേഴ്സ് സിംഗിള്‍സും നടക്കും. ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസും എന്‍. ജീവനുമാണ് ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. ഡബിള്‍സില്‍ ജയിക്കാനായാല്‍ ഇന്ത്യ ലോകഗ്രൂപ്പ് ക്വാളിഫയറിലേക്ക് യോഗ്യതനേടും. പേസിന് ഡബിള്‍സില്‍ ജയിക്കാനായാല്‍ ഡേവിസ് കപ്പ് ചരിത്രത്തില്‍ കൂടുതല്‍ ഡബിള്‍സ് മത്സരം ജയിച്ച താരമെന്ന റെക്കോഡ് സ്വന്തമാക്കാനാവും.

പാകിസ്താനില്‍ നടക്കേണ്ടിയിരുന്ന മത്സരം നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് പാകിസ്താന്റെ പ്രധാനതാരങ്ങള്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയിരുന്നു.

Content Highlights: Davis Cup Tennis Ramkumar, Sumit trample Pakistan