നൂര്‍ സുല്‍ത്താന്‍ (കസാഖിസ്താന്‍): ഡേവിസ് കപ്പ് ടെന്നീസില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ലോക ഗ്രൂപ്പ് ക്വാളിഫയറില്‍. പാകിസ്താനെ 4-0ത്തിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 

ആദ്യ ദിനം രണ്ട് സിംഗിള്‍സിലും വിജയിച്ച ഇന്ത്യ രണ്ടാം ദിനം ഡബിള്‍സിലും റിവേഴ്‌സ് സിംഗിള്‍സിലും പാകിസ്താനെ തകര്‍ത്തു. ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-ജീവന്‍ നെടുഞ്ചെഴിയന്‍ സഖ്യം 53 മിനിറ്റിനുള്ളില്‍ മുഹമ്മദ് ഷുഐബ്-ഹുഫൈസ് അബ്ദുല്‍ റഹ്മാന്‍ ജോഡിക്കെതിരേ വിജയം കണ്ടെത്തി. സ്‌കോര്‍: 6-1,6-3.

റിവേഴ്‌സ് സിംഗിള്‍സില്‍ സുമിത് നാഗല്‍ യൂസുഫ് ഖലീലിനെ പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-1,6-0. നേരത്തെ സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥനും സുമിത് നാഗലും പാക് താരങ്ങളെ തോല്‍പ്പിച്ചിരുന്നു. 

ഇതോടൊപ്പം പേസ് ഡബിള്‍സ് വിജയങ്ങളുടെ എണ്ണം കൂട്ടി. ഡേവിസ് കപ്പ് ഡബിള്‍സില്‍ പേസിന്റെ 44-ാം വിജയമാണിത്. കഴിഞ്ഞ വര്‍ഷം ഡേവിസ് കപ്പ് ചരിത്രത്തില്‍ ഡബിള്‍സില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന റെക്കോഡ് പേസ് സ്വന്തമാക്കിയിരുന്നു. ചൈനീസ് ജോഡിയെ തോല്‍പ്പിച്ച് പേസ് 43-ാം വിജയമാണ് കുറിച്ചത്. ഇതോടെ ഇറ്റലിയുടെ ഇതിഹാസ താരം നിക്കോള പീറ്റെറാന്‍ഗെലിയുടെ റെക്കോഡ് പേസ് പഴങ്കഥയാക്കി. 66 മത്സരങ്ങളില്‍ നിന്നാണ് ഇറ്റാലിയന്‍ താരം 42 വിജയം നേടിയത്. പേസ് 56 മത്സരങ്ങളില്‍ നിന്ന് 43 വിജയം നേടി. 

പേസിന്റെ റെക്കോഡ് ഈ അടുത്ത കാലത്തൊന്നും തകരാന്‍ സാധ്യതയില്ല. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ആരും ആദ്യ പത്തു പേരില്‍ ഇല്ല. ബെലാറസിന്റെ മാക്‌സ് മര്‍നി മൂന്നാം സ്ഥാനത്തുണ്ടെങ്കിലും 2018-ന് ശേഷം അദ്ദേഹം കളിച്ചിട്ടില്ല. 

Content Highlights: Davis Cup India secure win vs Pakistan with Leander Paes' record extending 44th victory