പുണെ: ചരിത്രത്തിനരികെ ലിയാന്‍ഡര്‍ പേസും പങ്കാളി വിഷ്ണുവര്‍ധനും വീണതോടെ ഡേവിസ് കപ്പ് ഡബിള്‍സില്‍ ഇന്ത്യക്ക് തോല്‍വി. ന്യൂസീലന്‍ഡിന്റെ അര്‍ട്ടെ സിറ്റാക്-മൈക്കല്‍ വീനസ് സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡി കീഴടങ്ങിയത് (3-6, 6-3, 7-6, 6-3). തോറ്റെങ്കിലും ഡേവിസ് കപ്പ് ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഞായറാഴ്ച നടക്കുന്ന രണ്ട് റിവേഴ്സ് സിംഗിള്‍സില്‍ ഒന്നില്‍ ജയിച്ചാല്‍ ഇന്ത്യക്ക് മുന്നേറാം.
ഡേവിസ് കപ്പ് ഡബിള്‍സില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ താരമെന്ന റെക്കോഡ് നേട്ടത്തിനായി കളത്തിലിറങ്ങിയ പേസിനും കൂട്ടാളി വിഷ്ണുവര്‍ധനും റാങ്കിങ്ങില്‍ മുന്നിലുള്ള കിവീസ് സഖ്യത്തോട് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ സെറ്റ് നേടി പ്രതീക്ഷയുണര്‍ത്തുകയും മൂന്നാം സെറ്റില്‍ ടൈബ്രേക്കര്‍ വരെ പോരാടുകയും ചെയ്ത ശേഷമാണ് ഇന്ത്യന്‍ സഖ്യം കീഴടങ്ങിയത്.
ഡേവിസ് കപ്പ് ഡബിള്‍സില്‍ 42 ജയങ്ങളോടെ പേസ് റെക്കോഡിനൊപ്പമാണ്. ഇറ്റലിക്കാരന്‍ നിക്കോള പെട്രാംഗലിക്കൊപ്പമാണ് റെക്കോഡ് പങ്കിടുന്നത്. 25 വര്‍ഷമായി ഡേവിസ് കപ്പ് കളിക്കുകയും രാജ്യത്തിനായി 55-ാം മത്സരത്തിനിറങ്ങുകയും ചെയ്ത പേസ് റെക്കോഡോടെ ഡേവിസ് കപ്പ് മതിയാക്കാനുള്ള പദ്ധതിയിലായിരുന്നു.
ആദ്യസെറ്റില്‍ മികച്ച ധാരണയോടെ കളിച്ച ഇന്ത്യന്‍ സഖ്യം അനായാസം വിജയം നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ കിവീസ് സഖ്യം തിരിച്ചുവന്നു. പേസിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത് സെറ്റ് അവര്‍ നേടി. മൂന്നാം സെറ്റില്‍ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ടൈബ്രേക്കറില്‍ വരുത്തിയ പിഴവുകള്‍ പേസ് സഖ്യത്തിന് തിരിച്ചടിയായി. നിര്‍ണായകമായ നാലാം സെറ്റില്‍ വിഷ്ണുവര്‍ധന്റെ സര്‍വ് ബ്രേക്ക് ചെയ്ത് സിറ്റാക്-വീനസ് സഖ്യം ജയം നേടി. റിവേഴ്സ് സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥനും യൂക്കി ഭാംബ്രിയും ഇന്ത്യക്കായി ഇറങ്ങും.