ലണ്ടന്‍: കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ റദ്ദാക്കിയെങ്കിലും 1000 കോടിയിലധികം രൂപ പോക്കറ്റിലാക്കാനൊരുങ്ങി സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് അസോസിയേഷന്‍.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇതാദ്യമായി ടൂര്‍ണമെന്റ് റദ്ദാക്കിയതോടെ സംഘാടകര്‍ക്ക് 140 ദശലക്ഷം ഡോളര്‍ (ഏകദേശം 1062,98,50,000 രൂപ) പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സ് തുകയിനത്തില്‍ ലഭിക്കും.

കഴിഞ്ഞ 17 വര്‍ഷമായി വിംബിള്‍ഡണ്‍ സംഘാടകര്‍ പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സിലേക്ക് രണ്ടു ദശലക്ഷം യു.എസ് ഡോളര്‍ (15 കോടിയോളം ഇന്ത്യന്‍ രൂപ) വീതം ഓരോ വര്‍ഷവും നല്‍കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തികനഷ്ടം ഒരുപരിധി വരെ നികത്താമെന്ന കണക്കുകൂട്ടലിലാണ് സംഘാടകര്‍.

ജൂണ്‍ 29-നാണ് ഈവര്‍ഷം ടൂര്‍ണമെന്റ് തുടങ്ങേണ്ടിയിരുന്നത്. കൊറോണ വൈറസ് വ്യാപിച്ചതോടെ ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയായിരുന്നു.

ഒന്നാം ലോക മഹായുദ്ധത്തിന്റേയും രണ്ടാം ലോക മഹായുദ്ധത്തിന്റേയും സമയത്താണ് ഇതിന് മുമ്പ് വിംബിള്‍ഡണ്‍ റദ്ദാക്കിയിട്ടുള്ളത്. 1914-ലും 1947-ലുമായിരുന്നു ഇത്.

വിംബിള്‍ഡണ്‍ റദ്ദാക്കിയതോടെ ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളെല്ലാം താളം തെറ്റും. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കൊറോണയെത്തുടര്‍ന്ന് നീട്ടിവെച്ചിരുന്നു.

Content Highlights: covid-19 Wimbledon organisers to receive over 140 million USD