മെല്‍ബണ്‍: കുടിയേറ്റനിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായുള്ള കേസില്‍ വിജയിച്ച് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. താരത്തിന്റെ വിസ അസാധുവാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനം കോടതി റദ്ദാക്കി. ഇതോടെ ജോക്കോവിച്ചിന് ഓസ്‌ട്രേലിയയില്‍ തുടരാനാകും. ഒപ്പം 21-ാം ഗ്രാന്‍സ്ലാം കിരീടമെന്ന ചരിത്ര നേട്ടത്തിനായി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനുമാകും. 

എത്രയും പെട്ടെന്ന് ജോക്കോവിച്ചിനെ സ്വതന്ത്രനാക്കണമെന്നും ഫെഡറല്‍ സര്‍ക്യൂട്ട് കോടതി ജഡ്ജി ആന്തണി കെല്ലി ഉത്തരവിട്ടു. വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞ് ഹോട്ടലിലേക്ക് മാറ്റിയത്.  

ഡിസംബറില്‍ കോവിഡ് വന്നതിനാലാണ് വാക്‌സിന്‍ സ്വീകരിക്കാതിരുന്നതെന്നും വാക്‌സിന്‍ ഇളവ് ലഭിച്ചതിനാലാണ് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്തതെന്നും ജോക്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 

ജനുവരി 17-ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനാണ് ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തില്‍ ജോക്കോ എത്തിയത്. എന്നാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖകളോ മെഡിക്കല്‍ ഇളവുകളോ ഹാജരാക്കാനായില്ല എന്ന് ആരോപിച്ച് വിസ റദ്ദാക്കുകയും കുടിയേറ്റ നിയമം ലംഘിക്കുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു. ഇതിന് പിന്നാലെ താരം കോടതിയെ സമീപിക്കുകയായിരുന്നു. 

Content Highlights: Court clears Novak Djokovic to play in Australian Open