ഓക്ക്‌ലന്‍ഡ് (ന്യൂസീലന്‍ഡ്): കഴിഞ്ഞ ദിവസം ടെന്നീസ് കോര്‍ട്ടില്‍ ഒരു സംഭവം നടന്നിരുന്നു. എടിപി ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസുമായുള്ള മത്സരത്തിനിടെ ഗ്രീക്ക് ടെന്നീസ് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് കോര്‍ട്ടില്‍ കൊച്ചുകുട്ടിയെപ്പോലെ പെരുമാറുകയായിരുന്നു. ആദ്യ സെറ്റിലെ ടൈ ബ്രേക്കര്‍ നഷ്ടപ്പെട്ടപ്പോള്‍ ദേഷ്യമടക്കാനാകാതെ സിറ്റ്സിപാസ് വായുവില്‍ വീശിയ റാക്കറ്റ് കൊണ്ടത് ടീം ബെഞ്ചിലിരിക്കുകയായിരുന്ന അച്ഛന്‍ അപോസ്തൊലോസിന്റെ വലതു കൈയിലായിരുന്നു. ഇതുകണ്ട് ഗാലറിയില്‍ നിന്ന് ഓടിയെത്തിയ അമ്മ സിറ്റ്‌സിപാസിനോട് ദേഷ്യപ്പെടുകയും ചെയ്തു. ഇതുപോലെ മറ്റൊരു സംഭവവും കോര്‍ട്ടില്‍ അരങ്ങേറി.

ഇത്തവണ അമേരിക്കയുടെ യുവതാരം കോകോ ഗോഫാണ് അച്ഛനെ ശകാരിച്ചത്. പരിശീലകന്‍ കൂടിയായ അച്ഛന്‍  കോറി ഗോഫ് മത്സരത്തിനിടെ ഉപദേശിച്ചപ്പോള്‍ ഉപയോഗിച്ച വാക്കുകള്‍ പതിനഞ്ചുകാരിയായ കോകോയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ താരം പ്രതികരിക്കുകയായിരുന്നു. ഓക്ക്‌ലന്‍ഡ് ക്ലാസിക് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം. ജര്‍മനിയുടെ ലോറ സീഷ്മണ്ടുമായുള്ള മത്സരത്തിനിടെ കോകോ പോയിന്റ് നഷ്ടമാക്കിയപ്പോള്‍ അച്ഛന്‍ ഇടപെട്ടു. ഇടവേളയില്‍ കോകോയുടെ അടുത്തെത്തി ഉപദേശിച്ചു. 'കഴിഞ്ഞ മൂന്ന് ഗെയിമില്‍ നീ ചെയ്തത് എന്താണെന്ന് നിനക്ക് അറിയില്ലേ. അവളുടെ നശിച്ച സെര്‍വില്‍ നീ ഒരു ഫ്രീ പോയിന്റെ പോലും വിട്ടുകൊടുത്തിട്ടില്ല'. അനാവശ്യ ഷോട്ടുകളിലൂടെ കോകോ എതിരാളിക്ക് പോയിന്റ് സമ്മാനിച്ചിരുന്നു. ഇതു തിരുത്താനാണ് അച്ഛന്‍ ഇങ്ങനെ പറഞ്ഞത്.

എന്നാല്‍ ഇതു കോകോയ്ക്ക് ഇഷ്ടപ്പെട്ടില്ല. 'ഇത്തരം മോശം വാക്കുകള്‍ ഉപയോഗിക്കരുത്. ഇങ്ങനെ ശപിക്കരുത്. ഇങ്ങനെയുള്ള ഉപദേശം ഞാന്‍ കേള്‍ക്കില്ല'. കോകോ മറുപടി നല്‍കി. ഇതു കാര്യമാക്കേണ്ട എന്നു അച്ഛന്‍ പറഞ്ഞെങ്കിലും അതു ഗൗരവമുള്ള കാര്യം തന്നെയാണ് എന്നായിരുന്നു കോക്കോയുടെ മറുപടി. ഇതോടെ അച്ഛന്‍ മാപ്പ് പറഞ്ഞു.ഏതായാലും ചിരിച്ചാണ് ഇരുവരും സംഭാഷണം അവസാനിപ്പിച്ചത്. 

മത്സരത്തില്‍ കോക്കോ തോറ്റു. ഒരു സെറ്റിന് മുന്നില്‍ നിന്ന ശേഷമായിരുന്നു തോല്‍വി. സ്‌കോര്‍: 5-7,6-2,6-3. കഴിഞ്ഞ വിംബിള്‍ഡണില്‍ പതിനഞ്ചുകാരി വെറ്ററന്‍ താരം വീനസ് വില്ല്യംസിനെ തോല്‍പ്പിച്ചിരുന്നു. 

Content Highlights: Coco Gauff chides father for curse during Auckland open