വിംബിള്‍ഡണ്‍ ഫൈനലില്‍ നൊവാക് ജോക്കോവിച്ചിന്റെ ഓരോ വിജയപോയന്റിനും കൈയടിക്കുകയും ആവേശംകൊള്ളുകയും ചെയ്ത് ഗാലറിയില്‍ ഒരാളുണ്ടായിരുന്നു മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായിരുന്ന ക്രൊയേഷ്യയുടെ ഗൊരാന്‍ ഇവാനിസെവിച്ച്. ഒടുവില്‍ ജോക്കോ ഇരുപതാം ഗ്രാന്‍ഡ്സ്ലാം പൂര്‍ത്തിയാക്കിയപ്പോള്‍ അയാള്‍ ആവേശംകൊണ്ട് തുള്ളി. അയാളെ സംബന്ധിച്ച് ജോക്കോയാണ് ഈ പ്രപഞ്ചത്തിലെ മികച്ച ടെന്നീസ് താരം. ഇവാനിസെവിച്ചിനെപ്പോലെ ജോക്കോയുടെ കഴിവുകളെക്കുറിച്ച് അറിയുന്ന മറ്റൊരാള്‍ ഉണ്ടാവാനിടയില്ല. ചരിത്രനിമിഷത്തിലേക്ക് നടന്നടുക്കാന്‍ ജോക്കോയെ ഊതിക്കാച്ചി തേച്ചുമിനുക്കിയത് ഇവാനിസെവിച്ചുകൂടി ചേര്‍ന്നാണ്. 2019 മുതല്‍ ജോക്കോയുടെ പരിശീലകരിലൊരാളാണ് ഗൊരാന്‍.

ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും നേടിക്കഴിഞ്ഞ ജോക്കോ ഈ വര്‍ഷത്തെ യു.എസ്. ഓപ്പണ്‍കൂടി നേടി കലണ്ടര്‍ സ്‌ലാം പൂര്‍ത്തിയാക്കുമെന്ന് ഗൊരാന്‍ ഉറച്ചുവിശ്വസിക്കുന്നു. 'ഗൊരാന്‍ വിംബിള്‍ഡണ്‍ നേടിയതിന്റെ ഇരുപതാം വര്‍ഷത്തിലാണ് 20 ഗ്രാന്‍ഡ്‌സ്‌ലാം വിജയം പൂര്‍ത്തിയാക്കി ജോക്കോ, റാഫയ്ക്കും ഫെഡറര്‍ക്കുമൊപ്പം ചേരുന്നത്. ഗൊരാന്‍ പരിശീലകസംഘത്തിലെത്തി രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ജോക്കോവിച്ച് അഞ്ച് ഗ്രാന്‍ഡ്‌സ്‌ലാം വിജയങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതില്‍ രണ്ടുവീതം വിംബിള്‍ഡണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഒരു ഫ്രഞ്ച് ഓപ്പണ്‍ കിരീടമുണ്ട്. 'ഫെഡററുടെയത്ര ആരാധകസ്‌നേഹം കിട്ടിയിട്ടുള്ള താരമല്ല ജോക്കോ. പക്ഷേ, ജോക്കോ വിരമിക്കുമ്പോള്‍ ഇപ്പോള്‍ അദ്ദേഹത്തെ വെറുക്കുന്നവര്‍ക്കൊക്കെ നഷ്ടബോധം തോന്നും'' ഗൊരാന്‍ പറയുന്നു.

ഒരുകാലത്ത് ഏറ്റവും കൂടുതല്‍ എയ്‌സുകള്‍ പായിച്ചിരുന്ന താരമായിരുന്നു ഇവാനിസെവിച്ച്. ആറടി നാലിഞ്ചുകാരനില്‍നിന്നുവന്നിരുന്ന ചീറിപ്പായുന്ന സെര്‍വുകള്‍ക്കുമുമ്പില്‍ എതിരാളികള്‍ക്ക് പലപ്പോഴും ഉത്തരമുണ്ടായിരുന്നില്ല. 2001ല്‍, ഓസ്‌ട്രേലിയന്‍ താരമായ പാട്രിക് റാഫ്റ്ററെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് ഗൊരാന്‍ കരിയറിലെ ആദ്യത്തെയും അവസാനത്തെയും ഗ്രാന്‍ഡ്‌സ്‌ലാമും വിംബിള്‍ഡണും നേടിയത്.

ആ സെര്‍വുകള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടിെല്ലങ്കിലും അടങ്ങാത്ത പോരാട്ടവീര്യമാണ് ജോക്കോയുടെ പ്രത്യേകത. അതുകൊണ്ടാണ് ഗൊരാന്‍ ജോക്കോയെപ്പറ്റി ഇങ്ങനെ പറഞ്ഞത് 'നിങ്ങള്‍ക്കയാളെ 27 തവണയെങ്കിലും കൊല്ലേണ്ടിവരും. ഓരോതവണ കൊല്ലുമ്പോഴും അയാള്‍ വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും.''

Content Highlights: Coach Goran Ivanisevic reacts to Novak Djokovic winning Wimbledon