തായ്‌പെയ് (തയ്‌വാന്‍):  ചൈനയുടെ മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരേ ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ അപ്രത്യക്ഷയായ ടെന്നീസ് താരം പെങ് ഷുവായിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കായികലോകം. പ്രശസ്ത ടെന്നീസ് താരങ്ങളായ നൊവാക് ദ്യോകോവിച്ച്, സെറീന വില്ല്യംസ്, നവോമി ഒസാക, കോകോ ഗാഫ്, കിം ക്ലിസ്റ്റേഴ്‌സ്, സിമോണ ഹാലെപ്, ആന്‍ഡി മറെ, പെട്രൊ ക്വിറ്റോവ തുടങ്ങിയ താരങ്ങളാണ് ഷുവായിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. 'പെങ് ഷുവായി എവിടെ' എന്ന ഹാഷ്ടാഗിലാണ് താരത്തെ കണ്ടെത്താനുള്ള കാമ്പയിൻ നടക്കുന്നത്. 

പെങ്ങിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ടെന്നീസ് അസോസിയേഷനും (ഡബ്ല്യുടിഎ) രംഗത്തെത്തി. നടപടി ഉണ്ടായില്ലെങ്കില്‍ ചൈനയില്‍ ഡബ്ല്യുടിഎ ടൂര്‍ണമെന്റുകള്‍ നടത്തില്ലെന്ന് രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍ വക്താവ് ഹീഥര്‍ ബോളര്‍ വ്യക്തമാക്കി. 

എന്നാല്‍ പെങ് ഷുവായി സുരക്ഷിതമാണെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കുന്നു. അധികം വൈകാതെ താരം പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുമെന്നും അവര്‍ സ്വന്തം വീട്ടില്‍ സുരക്ഷിതയായി കഴിയുന്നുണ്ടെന്നും ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിന്‍ജിന്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു ഷിന്‍ജിന്റെ പ്രതികരണം.

നവംബര്‍ രണ്ടിന് സമൂഹ മാധ്യമമായ വെയ്‌ബോയിലൂടെയാണ് സാങ്ങിനെതിരേ പെങ് ആരോപണം ഉന്നയിച്ചത്. പോസ്റ്റ് വെയ്‌ബോ ഉടന്‍ നീക്കം ചെയ്‌തെങ്കിലും അത് വന്‍ വിവാദത്തിലേക്ക് വഴിവെച്ചു. 2018-ല്‍ വിരമിച്ച 75-കാരനായ സാങ് ഇപ്പോള്‍ രാഷ്ട്രീയരംഗത്തില്ല. 

മൂന്നു ഒളിമ്പിക്‌സില്‍ പങ്കെടുത്ത 35-കാരിയായ പെങ് ഷുവായി രണ്ട് ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2014-ല്‍ ഫ്രഞ്ച് ഓപ്പണും 2013-ല്‍ വിംബിള്‍ഡണും നേടി. സിംഗിള്‍സില്‍ 2014 യു.എസ്.ഓപ്പണ്‍ സെമി ഫൈനലില്‍ എത്തിയതാണ് ഏറ്റവും മികച്ച നേട്ടം. സിംഗിള്‍സ് ലോക റാങ്കിങ്ങില്‍ 14-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരവുമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും സ്വന്തമാക്കി.

Content Highlights: China tennis player Peng Shuai will reappear in public soon