പോര്‍ച്ചുഗീസ് ടെന്നിസ് അമ്പയര്‍ കാര്‍ലോസ് റാമോസ് ഇക്കുറി യു.എസ്. ഓപ്പണില്‍ വില്ല്യംസ് സഹോദരിമാരായ സെറീനയുടെയുടെയും വീനസിന്റെയും മത്സരങ്ങള്‍ നിയന്ത്രിക്കില്ല. യു.എസ്. ഓപ്പണ്‍ ടെന്നിസ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ യു.എസ്. ഓപ്പണ്‍ ഫൈനലിനിടെയുണ്ടായ സംഭവവികാസങ്ങളാണ് ഐ.ടി.എഫിന്റെ ഗോള്‍ഡ് ബാഡ്ജ് ലഭിച്ചിട്ടുള്ള റാമോസിനെ ഒഴിവാക്കുന്നതില്‍ വഴിച്ചത്. എല്ലാം ഗ്രാന്‍സ്ലാം ഫൈനലുകളും നിയന്ത്രിച്ചിട്ടുള്ള ലോകത്തിലെ രണ്ട് ചെയര്‍ അമ്പയര്‍മാരില്‍ ഒരാളാണ് റാമോസ്.
കഴിഞ്ഞ വര്‍ഷം ജാപ്പനീസ് താരം നവോമി ഒസാക്കയ്‌ക്കെതിരേയുള്ള ഫൈനലില്‍ തന്നെ അധിക്ഷേപിക്കുകയും ചോദ്യംചെയ്യുകയും ചെയ്ത സെറീനയ്‌ക്കെതിരേ നടപടി കൈക്കൊണ്ടിരുന്നു റാമോസ്. റാമോസ് പെനാല്‍റ്റി പോയിന്റ് സമ്മാനിച്ചതിനെ തുടര്‍ന്നാണ് ഒസാക്ക സെറീനയെ തോല്‍പിച്ച് യു. എസ്. ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. 6-2, 6-4 എന്ന സ്‌കോറിലായിരുന്നു ഒസാക്കയുടെ ഞെട്ടിക്കുന്ന കിരീടവിജയം. സെറീനയുടെ ആരാധകരുടെ കൂവിവിളികളുടെ അകമ്പടിയിലാണ് ഒസാക്ക കിരീടം ഏറ്റുവാങ്ങിയത്. ഒടുവില്‍ സെറീന തന്നെയെത്തി ഒസാക്കയെ സാന്ത്വനിപ്പിക്കുകയായിരുന്നു.
ഫൈനലിലെ രണ്ടാം സെറ്റിലാണ് മത്സരത്തിനിടെ പരിശീലകന്‍ ആംഗ്യം കൊണ്ട് നിര്‍ദേശം നല്‍കിയതിന്റെ പേരില്‍ റാമോസ് സെറീനയ്‌ക്കെതിരേ ആദ്യം കോഡ് വയലേഷന്‍ വാര്‍ണിങ് നല്‍കിയത്. ഇതിനെതിരേ റാക്കറ്റ് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതിനായിരുന്നു രണ്ടാമത്തെ താക്കീത് നല്‍കിയത്. നിങ്ങള്‍ മേലില്‍ എന്റെ ഒരു മത്സരം നിയന്ത്രിക്കില്ലെന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു സെറീന തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. പിന്നീട് റാമോസിനെ കള്ളനെന്ന് അധിക്ഷേപിക്കുകയായിരുന്നു സെറീന. ഇതിനെ മൂന്നാം കോഡ് വയലേഷനായി കണ്ട് ഒസാക്കയ്ക്ക് ഗെയിം പോയിന്റ് സമ്മാനിക്കുകയായിരുന്നു റാമോസ്. ഓസക്ക അങ്ങനെ 5-3 എന്ന ലീഡ് സ്വന്തമാക്കുകയും ചെയ്തു. ഇതാണ് വില്ല്യംസ് സഹോദരിമാരുടെ മത്സരങ്ങളില്‍ നിന്ന് റാമോസിനെ ഒഴിവാക്കാന്‍ കാരണം.
ഇതാദ്യമായല്ല ടൂര്‍ണമെന്റിന്റെ നല്ല നടത്തിപ്പിനും കളിക്കാര്‍ക്കും അമ്പയര്‍മാര്‍ക്കും ഗുണകരവുമായ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നതെന്ന് യു.എസ്. ഓപ്പണ്‍ റഫറി സോറണ്‍ ഫ്രെയ്‌മെല്‍ അറിയിച്ചു. ഓരോ മത്സരത്തിനും അനുയോജ്യരായ ചെയര്‍ അമ്പയര്‍മാരെ നിയമിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ടാണ് ഇപ്പോള്‍ വീനസ് സഹോദരിമാരുടെ മത്സരത്തില്‍ നിന്ന് റാമോസിനെ ഒഴിവാക്കിയത്. അത് ഒരു വിലക്കല്ല. എല്ലാ ഗ്രാന്‍സ്ലാമുകളിലും ഡേവിഡ് കപ്പിലും ഫെഡ് കപ്പിലുമെല്ലാം മത്സരം നിയന്ത്രിച്ചയാളാണ് കാര്‍ലോസ്.
ഒസാക്കയുടെ ആദ്യ ഗ്രാൻസ്ലാം സിംഗിൾസ് കിരീടവിജയമായിരുന്നു അത്. എന്നാല്‍, അതിനുശേഷം കഴിഞ്ഞയാഴ്ച വരെ സെറീന വില്ല്യംസിനെതിരേ കളിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച ടൊറന്റോയില്‍ നടന്ന മത്സരത്തില്‍ വീനസിനായിരുന്നു വിജയം. ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടജയത്തോടെയാണ് ഒസാക്ക പുതിയ സീസണിന് തുടക്കമിട്ടത്. ടൂർണമെന്റിൽ സെറീന ക്വാർട്ടറിൽ തോറ്റു. സെറീനയെ വീഴ്ത്തിയ കാരൊലീന പ്ലിസ്കോവയെ സെമിയിൽ തോൽപിച്ചാണ് ഓസ്ക്ക ഫൈനലിലെത്തിയത്. പെട്ര ക്വിറ്റോവയായിരുന്നു ഫൈനലിൽ ഓസ്ക്കയുടെ എതിരാളി.
Content Highlights: Carlos Ramos will not umpire Williams sisters at US Open Tennis