ബെല്‍ഗ്രേഡ്: ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിന് പിന്നാലെ നൊവാക് ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റൊരു താരത്തിനും കോവിഡ് സ്ഥിരീകരിച്ചു. ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ചിനാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ താരം തന്നെയാണ് താന്‍ കോവിഡ് ബാധിതനായ വിവരം അറിയിച്ചത്.
താനുമായി ഇടപഴകിയിട്ടുള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്നും താന്മൂലമുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കോറിച്ച് പറഞ്ഞു.
സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് സംഘടിപ്പിച്ച അഡ്രിയ ടൂര്‍ ചാരിറ്റി ടെന്നീസ് ടൂര്‍ണമെന്റില്‍ കോറിച്ചും പങ്കെടുത്തിരുന്നു. നേരത്തെ ഇതേ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം റദ്ദാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത രണ്ടു താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചത് ടെന്നീസ് ലോകത്ത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഇതിനു പിന്നാലെ ടൂര്‍ണമെന്റിനെതിരേ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. സാമൂഹിക അകലം പാലിക്കാതെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്നാണ് ഉയരുന്ന പ്രധാന പരാതി. ജോക്കോവിച്ചിന് പുറമെ ഡൊമിനിക് തീം, അലക്സാണ്ടര്‍ സവരേവ് എന്നിവരും ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.
Content Highlights: Borna Coric testS positive for Covid-19 after attending Djokovic-organised event