മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ ആദ്യ റൗണ്ടില്‍ പുറത്തായി. പുരുഷ ഡബിള്‍സില്‍ ജപ്പാന്‍ താരം ബെന്‍ മക്ലാക്ഹ്ലനോടൊപ്പം കൈകോര്‍ത്ത ബൊപ്പണ്ണ ആദ്യ റൗണ്ടില്‍ സൗത്ത് കൊറിയന്‍ സഖ്യമായ ജി സങ് നാം- മിന്‍ക്യു സോങ്ങ് താരങ്ങളോട് തോറ്റാണ് പുറത്തായത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി. സ്‌കോര്‍: 4-6, 6-7

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് താരതമ്യേന ദുര്‍ബലരായ ജി സങ് നാം- മിന്‍ക്യു സോങ്ങ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണിന് യോഗ്യത നേടിയത്. ഇതാദ്യമായാണ് ബൊപ്പണ്ണ ബെന്നിനൊപ്പം കളിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ തോറ്റുമടങ്ങാനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിധി.

പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്  മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. അമേരിക്കയുടെ ഫ്രാന്‍സെസ് ടിയാഫോയോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ജോക്കോവിച്ച്. സ്‌കോര്‍: 6-3, 6-7, 7-6, 6-3

മറ്റൊരു മത്സരത്തില്‍ യു.എസ്. ഓപ്പണ്‍ ചാമ്പ്യനും മൂന്നാം സീഡുമായ ഓസ്ട്രിയയുടെ ഡൊമിനിക്ക് തീമും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ജര്‍മനിയുടെ ഡൊമിനിക്ക് കോപ്ഫറെയാണ് താരം കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-4, 6-0, 6-2

Content Highlights: Bopanna-McLachlan crash out after losing to South Korean pair in Australian Open