ന്യൂയോര്‍ക്ക്‌: യു.എസ്. ഓപ്പണിലെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന രോഹന്‍ ബൊപ്പണ്ണ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. പുരുഷന്മാരുടെ ഡബിള്‍സ് മത്സരത്തില്‍ ബൊപ്പണ്ണ-ഇവാന്‍ ഡോഡിജ് സഖ്യം രാജീവ് റാം-ജോ സാലിസ്ബറി സഖ്യത്തോടാണ് തോല്‍വി വഴങ്ങിയത്. 

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണ-ഡോഡിജ് സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍: 7-6, 4-6, 6-7. ഡോഡിജ് ക്രൊയേഷ്യന്‍ താരമാണ്. മത്സരം രണ്ട് മണിക്കൂറും 30 മിനിട്ടും നീണ്ടു. 

ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ ബൊപ്പണ്ണ സഖ്യം രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും പിന്നോട്ടുപോയി. ടൂര്‍ണമെന്റിലെ 13-ാം സീഡാണ് ബൊപ്പണ്ണ- ഡോഡിജ് സഖ്യം. റാം-സാലിസ്ബറി സഖ്യം നാലാം സീഡാണ്. 

ഈ തോല്‍വിയോടെ 2021 യു.എസ് ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. നേരത്തേ ഇന്ത്യയുടെ സാനിയ മിര്‍സ വനിതാ ഡബിള്‍സിനും മിക്‌സഡ് ഡബിള്‍സിലും പുറത്തായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെയാണ് രണ്ട് വിഭാഗങ്ങളില്‍ നിന്നും സാനിയ പുറത്തായത്.

Content Highlights: Bopanna-Dodig pair goes down fighting in US Open