ന്യൂയോര്‍ക്ക്: സെറീന വില്ല്യംസിന്റെ കരുത്തും പരിചയസമ്പത്തും ബിയാന്‍ക ആന്ദ്രീസ്‌ക്കുവിന്റെ ചുറുചുറുക്കിന് മുന്നില്‍ വിലപ്പോയില്ല. ഏഴാം കിരീടം ലക്ഷ്യമിട്ടുവന്ന മുപ്പത്തിയേഴുകാരിയായ സെറീനയെ അട്ടിമറിച്ച പത്തൊന്‍പതുകാരി ബെനിക്ക ആന്ദ്രീസ്ക്കുവാണ് പുതിയ യു.എസ്. ഓപ്പണ്‍ വതിനാ ടെന്നിസ് ചാമ്പ്യന്‍. കാനഡക്കാരിയായ ആന്ദ്രീസ്‌ക്കുവിന്റെ കന്നി ഗ്രാന്‍സ്ലാം കിരീടമാണിത്. 6-3, 7-5 എന്ന സ്‌കോറില്‍ നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു ആന്ദ്രീസ്‌ക്കുവിന്റെ കിരീടവിജയം.

ഇതുവരെ ഒരു ഗ്രാന്‍സ്ലാമിന്റെയും രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിയാതിരുന്ന ആന്ദ്രീസ്‌ക്കു ഇതാദ്യമായാണ് യു.എസ് ഓപ്പണിന്റെ മെയിന്‍ ഡ്രോയില്‍ ഇടംപിടുക്കുന്നത്. രണ്ടാം സെറ്റില്‍ ഡബിള്‍ ബ്രേക്കിലൂടെയാണ് ആന്ദ്രീസ്‌ക്കു കന്നി ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്.

ഈ വര്‍ഷം ഇതൊരു സ്വപ്‌നസാക്ഷാത്കാരമാണ്-മത്സരശേഷം നേട്ടം വിശ്വസിക്കാനാവാതെ കോര്‍ട്ടില്‍ ഇരുന്നുപോയ ആന്ദ്രീസ്‌ക്കു പറഞ്ഞു.

ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സെറീന യു.എസ്. ഓപ്പണിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ജപ്പാന്‍കാരി നവോമി ഒസാക്കയാണ് സെറീനയെ കലാശപ്പോരില്‍ വീഴ്ത്തിയത്. 2014ലാണ് സെറീന ഫഌഷിങ് മെഡോസില്‍ അവസാനമായി കിരീടം സ്വന്തമാക്കിയത്.

ഒരു മേജര്‍ ടെന്നിസ് ടൂര്‍ണമെന്റ് സ്വന്തമാക്കുന്ന ആദ്യ കനേഡിയന്‍ താരമാണ് ആന്ദ്രീസ്‌ക്കു. മറിയ ഷറപ്പോവ വിജയിച്ചശേഷം ഒരു ഗ്രാസ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ ടീനേജ് താരം കൂടിയാണ് ആന്ദ്രീസ്‌ക്കു. 2004ല്‍ സെറീന വില്ല്യംസിനെ വീഴ്ത്തി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുമ്പോള്‍ പതിനേഴ് വയസ്സ് മാത്രമായിരുന്നു ഷറപ്പോവയ്ക്ക് പ്രായം.

Content Highlights: Bianca Andreescu beats Serena Williams to win US Open 2019 title