കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ടെന്നീസില്‍ കിരീടം ചൂടി കാമറൂണ്‍ നോറിയും പൗല ബഡോസയും. പുരുഷ വിഭാഗം ഫൈനലില്‍ ബ്രിട്ടീഷ് താരമായ കാമറൂണ്‍ നോറി ജോര്‍ജിയയുടെ നിക്കോളാസ് ബാസിലാഷ്‌വിലിയെ കീഴടക്കി കിരീടത്തില്‍ മുത്തമിട്ടു. 

വനിതാ വിഭാഗത്തില്‍ മുന്‍ലോക ചാമ്പ്യന്‍ ബെലാറസിന്റെ വിക്ടോറിയ അസരങ്കയെ തകര്‍ത്താണ് സ്പാനിഷ് താരമായ പൗല ബഡോസ കിരീടം നേടിയത്. ഇരുതാരങ്ങളുടെയും ആദ്യ ഇന്ത്യന്‍ വെല്‍സ് കിരീടമാണിത്.

പുരുഷ വിഭാഗം ഫൈനലില്‍ മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് നോറി ബാസിലാഷ്‌വിലിയെ മറികടന്നത്. സ്‌കോര്‍: 3-6, 6-4, 6-1. ആദ്യ സെറ്റ് നഷ്ടമായശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് നോറി കിരീടത്തില്‍ മുത്തമിട്ടത്. ഈ വിജയത്തോടെ താരം പുതിയൊരു റെക്കോഡ് സ്വന്തമാക്കി. ഇന്ത്യന്‍ വെല്‍സ് കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരം എന്ന നേട്ടമാണ് നോറി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ലോക റാങ്കിങ്ങില്‍ 26-ാം സ്ഥാനത്താണ് നോറി. 

വനിതാ വിഭാഗം ഫൈനലും മൂന്ന് സെറ്റിലേക്ക് നീണ്ടു. 7-6, 2-6, 7-6 എന്ന സ്‌കോറിനാണ് ബഡോസ വിജയം നേടിയത്. രണ്ട് സെറ്റ് ടൈബ്രേക്കറിലൂടെ നേടി ബഡോസ അസരങ്കയെ അട്ടിമറിച്ചു. ഈ തോല്‍വിയോടെ ഏറ്റവുമധികം തവണ ഇന്ത്യന്‍ വെല്‍സ് കിരീടം നേടിയ വനിതാതാരം എന്ന സുവര്‍ണനേട്ടം സ്വന്തമാക്കാന്‍ അസരങ്കയ്ക്ക് സാധിച്ചില്ല. ചുണ്ടിനും കപ്പിനുമിടയില്‍ വെച്ചാണ് അസരങ്കയ്ക്ക് കിരീടം നഷ്ടമായത്. മത്സരം മൂന്ന് മണിക്കൂറും നാല് മിനിട്ടും നീണ്ടു. 

ഈ വിജയത്തോടെ ഇന്ത്യന്‍ വെല്‍സ് കിരീടം നേടുന്ന ആദ്യ സ്‌പെയിന്‍ വനിതാതാരം എന്ന റെക്കോഡ് ബഡോസ സ്വന്തമാക്കി. ലോകറാങ്കിങ്ങില്‍ 21-ാം സ്ഥാനത്താണ് ബഡോസ.

Content Highlights: Badosa and Norrie Wins Indian Wells title