മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ നിലവിലെ ജേതാക്കളായ നൊവാക് ദ്യോക്കോവിച്ചും നവോമി ഒസാക്കയും മൂന്നാം റൗണ്ടിലേക്ക് കുതിച്ചു. സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ബുധനാഴ്ച രണ്ടാം റൗണ്ടില്‍ ജപ്പാന്റെ താറ്റ്സുമ ഇറ്റോയെ (6-1, 6-4, 6-2) തോല്‍പ്പിച്ചു. ജപ്പാനീസ് താരം ഒസാക്ക ചൈനയുടെ സെങ് സായ്സായിയെ (6-2, 6-4) മറികടന്നു.

മുന്‍നിര താരങ്ങളായ റോജര്‍ ഫെഡറര്‍, ആഷ്ലി ബാര്‍ട്ടി, സെറീന വില്യംസ്, പെട്ര ക്വിറ്റോവ, യുവതാരം കൊകൊ ഗാഫ് എന്നിവരും മൂന്നാം റൗണ്ടിലെത്തി. സെര്‍ബിയയുടെ ഫിലിപ്പ് ക്രജിനോവിക്കിനെ തോല്‍പ്പിച്ചാണ് (6-1, 6-4, 6-1) സ്വിസ് താരം റോജര്‍ ഫെഡറര്‍ (മൂന്നാം സീഡ്) മൂന്നാം റൗണ്ടിലെത്തിയത്. ഗ്രീസിന്റെ (6) സ്റ്റെഫാനോസ് സിറ്റ്സിപാസിന് രണ്ടാം റൗണ്ടില്‍ വാക്കോവര്‍ ലഭിച്ചു.

വനിതകളിലെ ഒന്നാം സീഡായ, ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി രണ്ടാം റൗണ്ടില്‍ സ്ലൊവേനിയയുടെ പൊളോന ഹെര്‍ഗകോഗിനെ (6-1, 6-4) തോല്‍പ്പിച്ചു. 24-ാം ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം ലക്ഷ്യമിട്ടെത്തുന്ന അമേരിക്കയുടെ സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ സ്ലൊവേനിയയുടെ തമര സിഡാന്‍സെക്കിനെ (6-2, 6-3) അനായാസം കീഴ്പ്പെടുത്തി.

ചെക്ക് താരം പെട്ര ക്വിറ്റോവ സ്‌പെയിനിന്റെ പൗല ബഡോസയെ (7-5, 7-5) തോല്‍പ്പിച്ചു. അമേരിക്കയുടെ കൊകൊ ഗാഫ് റുമാനിയയുടെ സൊരാനയെ (4-6, 6-3, 7-5) തോല്‍പ്പിച്ചു. പുരുഷവിഭാഗത്തില്‍ അമേരിക്കയുടെ മാഡിസന്‍ കീസ്, മിലോസ് റാവോണിച്ച്, ഫാബിയോ ഫോഗ്‌നിനി തുടങ്ങിയവരും വനിതകളില്‍ കരോളിന്‍ വോസ്നിയാക്കിയും മൂന്നാം റൗണ്ടിലെത്തി.

Content Highlights: Australian Open Tennis Roger Federer Naomi Osaka Novak Djokovic