മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാം സീഡായ നദാല്‍ ചെക് താരം തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫെയാണ് നദാലിന്റെ എതിരാളി. 

ആദ്യ രണ്ട് സെറ്റും അനായാസം നേടിയ നദാലിന് മൂന്നാം സെറ്റില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടിവന്നു. ആദ്യ സെറ്റില്‍ ഒരൊറ്റ ഗെയിമും വഴങ്ങാതെയായിരുന്നു നദാലിന്റെ വിജയം. രണ്ടാം സെറ്റ് 6-1ന് സ്പാനിഷ് താരം സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റില്‍ ബെര്‍ഡിച്ച് മികച്ച മത്സരം നല്‍കി. ഒടുവില്‍ ടൈബ്രേക്കറില്‍ 7-6ന് നദാല്‍ സെറ്റും മത്സരവും സ്വന്തമാക്കി. സ്‌കോര്‍: 6-0, 6-1, 7-6. 

അതേസമയം, വനിതാ സിംഗിള്‍സില്‍ മരിയ ഷറപ്പോവ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ആതിഥേയ താരം ആഷ്‌ലിഗ് ബാര്‍ട്ടി മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ ഷറപ്പോവയെ തോല്‍പ്പിക്കുകയായിരുന്നു. ആദ്യ സെറ്റ് കൈവിട്ടശേഷം ബാര്‍ട്ടി ശക്തമായി തിരിച്ചുവന്നു. സ്‌കോര്‍: 6-4, 1-6, 4-6. ബാര്‍ട്ടിയുടെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം ക്വാര്‍ട്ടര്‍ ഫൈനലാണിത്.

ചെക്ക് താരം പെട്ര ക്വിറ്റോവയാണ് ക്വാര്‍ട്ടറില്‍ ബാര്‍ട്ടിയുടെ എതിരാളി. അനിസിമോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ക്വിറ്റോവ ക്വാര്‍ട്ടറിലെത്തിയത്. 

 

 

 

Content Highlights: Australian Open Tennis Rafael Nadal Maria Sharapova