മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സ്പാനിഷ് താരം റാഫേല്‍ നഡാലിന്റെ കുതിപ്പിന് അന്ത്യം. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യന്‍ താരം മരിയന്‍ സിലിച്ചാണ് ഒന്നാം സീഡ് നഡാലിനെ അട്ടിമറിച്ചത്. 

ആറാം സീഡായ സിലിച്ചും നഡാലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. അവസാനം പരിക്കിന്റെ പിടിയിലകപ്പെട്ട നഡാല്‍  നിര്‍ണായകമായ അഞ്ചാം സെറ്റില്‍ പിന്മാറുകയായിരുന്നു. 

ആദ്യ സെറ്റ് 6-3ന് നഡാല്‍ നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ അതേ സ്‌കോറിന് സിലിച്ച് തിരിച്ചടിച്ചു. മൂന്നാം സെറ്റ് ടൈബ്രേക്കറിനൊടുവില്‍ 7-6ന് നഡാല്‍ സ്വന്തമാക്കി. പക്ഷേ നാലാം സെറ്റില്‍ നഡാല്‍ തളര്‍ന്നതോടെ സിലിച്ച് 6-2ന് വിജയിച്ച് കളിയിലേക്ക് തിരിച്ചുവന്നു. ഇതോടെ അഞ്ചാം സെറ്റ് നിര്‍ണായകമായി. 

പക്ഷേ പരിക്കും തളര്‍ച്ചയും അനുഭവപ്പെട്ട നഡാല്‍ സെറ്റു പൂര്‍ത്തിയാക്കെ മത്സരത്തില്‍ നിന്ന് പിന്മാറി. ആ സമയത്ത് സിലിച്ച് 2-0ത്തിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നൊവാക് ദ്യോകോവിച്ചും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായിരുന്നു. ഇതോടെ റോജര്‍ ഫെഡറര്‍ക്ക് കിരീടം നേടാനുള്ള സാധ്യത വര്‍ധിച്ചു. 

മറ്റൊരു മത്സരത്തില്‍ മൂന്നാം സീഡ് ദിമിത്രോവിനെ പരാജയപ്പെടുത്തി ബ്രിട്ടീഷ് താരം കെയ്ല്‍ എഡ്മണ്ട് സെമിയിലേക്ക് മുന്നേറി. നാലു സെറ്റു നീണ്ടുനിന്ന മത്സരത്തിനൊടുവിലായിരുന്നു എഡ്മണ്ടിന്റെ വിജയം. സ്‌കോര്‍: 6-4,3-6,6-3,6-4.

Content Highlights: Australian Open Tennis Rafael Nadal Crashes Out against Marin Cilic