മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ കിരീടം നിലനിര്‍ത്താനുള്ള അവസാന കടമ്പയില്‍ നൊവാക് ദ്യോക്കോവിച്ചിന് എതിരാളി ഡൊമിനിക് തീം. രണ്ടാം സെമിയില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ തോല്‍പ്പിച്ചാണ് ഓസ്ട്രിയന്‍ താരം തീം ഫൈനലിലെത്തിയത് (3-6, 6-4, 7-6, 7-6). 

ആവേശകരമായ മത്സരത്തില്‍ അവസാന രണ്ടു സെറ്റുകളും ടൈബ്രേക്കറില്‍ നേടിയാണ് തീം ഓസ്ട്രേലിയന്‍ ഓപ്പണിലെ ആദ്യ ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഞായറാഴ്ചയാണ് ഇവരുടെ ഫൈനല്‍.

കളിയുടെ തുടക്കത്തില്‍ സ്വരേവിന്റെ ആവേശമായിരുന്നു കോര്‍ട്ടില്‍ നിറഞ്ഞത്. മികച്ച സര്‍വുകളും റിട്ടേണുകളുമായി കളംനിറഞ്ഞ സ്വരേവ് തീമിനെ ബ്രേക്ക് ചെയ്ത് ആദ്യ സെറ്റ് 6-3ന് നേടി. അടുത്തസെറ്റില്‍ നിര്‍ണായക ബ്രേക്ക് നേടി തിരിച്ചടിച്ചതോടെ 6-4 എന്ന സ്‌കോറില്‍ തീമിന് രണ്ടാം സെറ്റ് സ്വന്തമായി. 

അവസാന രണ്ടു സെറ്റുകളില്‍ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയതോടെ വിധിനിര്‍ണയത്തിന് ടൈബ്രേക്കര്‍ വേണ്ടിവന്നു. രണ്ടു സെറ്റും ടൈബ്രേക്കറില്‍ സ്വന്തമാക്കി തീം ഫൈനലിലേക്ക് കുതിച്ചപ്പോള്‍ വീറുറ്റ പോരാട്ടത്തിനൊടുവില്‍ സ്വരേവ് തലകുനിച്ചു.

Content Highlights: Australian Open Tennis Final Novak Djokovic vs Dominic Thiem