സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പ്രമുഖ താരങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. പുരുഷ സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍, നൊവാക് ദ്യോകോവിച്ച്, ആഷ്‌ലി ബാര്‍ട്ടി, പെട്ര ക്വിറ്റോവ, മിലോസ് റോനിക് എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. അതേസമയം സെറീന വില്ല്യംസിനെ അട്ടിമറിച്ചെത്തിയ വാങ് ക്വിയാങും വീനസ് വില്ല്യംസിനേയും നവോമി ഒസാക്കയേയും തോല്‍പ്പിച്ച കോകോ ഗൗഫും പ്രീ ക്വാര്‍ട്ടറില്‍ വീണു. 

മാര്‍ട്ടന്‍ ഫുസ്‌കോവിസ്‌കിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് ഫെഡറര്‍ അവസാന എട്ടിലെത്തിയത്. സ്‌കോര്‍: 4-6,6-1,6-2,6-2. ഡീഗോ സ്‌ക്വാര്‍ട്ട്മാനെതിരേ അനായാസമായിരുന്നു ദ്യോകോവിച്ചിന്റെ വിജയം. സ്‌കോര്‍: 6-3,6-4,6-4. 

അമേരിക്കയുടെ സോഫിയ കെനിനോട് തോറ്റാണ് ഗൗഫ് പുറത്തായത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ ഗൗഫ് നേടിയെങ്കിലും സോഫിയ രണ്ടും മൂന്നും സെറ്റില്‍ തിരിച്ചുവന്നു. സോഫിയയുടെ ആദ്യ ഗ്രാന്‍സ്ലാം ക്വാര്‍ട്ടര്‍ ഫൈനലാണിത്. സ്‌കോര്‍: 6-7(5),6-3,6-0. 

ചെക്ക് റിപ്പബ്ലിക് താരമായ ഏഴാം സീഡ് പെട്ര ക്വിറ്റോവയും അവസാന എട്ടിലെത്തി. ടുണീഷ്യയുടെ ഉന്‍സ് ജാബിറിനോടാണ് ചൈനീസ് താരം വാങ് ക്വിയാങ് തോറ്റത്. സ്‌കോര്‍: 7-6(4), 6-1. ഇതോടെ ഒരു ഗ്രാന്‍സ്ലാം ക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് വനിതാ താരമെന്ന റെക്കോഡ് ഉന്‍സ് ജാബിര്‍ സ്വന്തമാക്കി. നേരത്തെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കരോളിന്‍ വോസ്‌നിയാക്കിയെ തോല്‍പ്പിച്ചാണ് ടുണീഷ്യന്‍ താരം പ്രീ ക്വാര്‍ട്ടറിലെത്തിയത്. വാങ് ക്വിയാങിനെതിരേ 77 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഉന്‍സ് ജാബിര്‍ 29 വിന്നറുകളുതിര്‍ത്തു. 

Content Highlights:  Australian Open Tennis 2020 Roger Federer Novak Djokovic