മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരമായ സിമോണ ഹാലപ്പിനെ തോല്‍പ്പിച്ച് അമേരിക്കയുടെ സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ  ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ കടുത്ത പോരാട്ടത്തിന് ശേഷമാണ് സിമോണ സെറീനയ്ക്ക് മുന്‍പില്‍ കീഴടങ്ങിയത്. 6-1, 4-6, 6-4 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ വിജയം. റാങ്കിങ്ങില്‍ നിലവില്‍ 16ാം സ്ഥനത്താണ് സെറിനയിപ്പോള്‍.

സെറീനയ്ക്ക് മേല്‍ ഹാലപ്പ് മേല്‍ക്കൈ നേടുന്ന പ്രതീതിയായിരുന്നു മത്സരത്തിന്റെ തുടക്കത്തില്‍. എന്നാല്‍ ആദ്യ ഗെയിമില്‍ പതറിപ്പോയ സെറീന തിരിച്ചുവരവ് ഗംഭീരമാക്കി. ആദ്യ സെറ്റില്‍ ഹാലപ്പിനെ നിലംതൊടാന്‍ പോലും സെറീന അനുവദിച്ചില്ല. തുടര്‍ച്ചയായി സര്‍വീസ് ബ്രേക്കുകളില്‍ പതറിയ ഹാലപ്പിന് സെറീനയ്ക്ക്  മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല. തുടര്‍ന്ന് അനായാസേന സെറീന ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. 4-4 എന്ന നിലയിലേക്ക് എത്തിയ ശേഷം ഒരു സര്‍വീസ് ബ്രേക്ക് ഉള്‍പ്പടെ നേടി ഹാലപ്പ് രണ്ടാം സെറ്റ് കരസ്ഥമാക്കി. നിര്‍ണയകമായ മൂന്നാം സെറ്റില്‍ സെറീനയുടെ വേഗതയ്ക്കും കരുത്തിനും മുന്‍പില്‍ ഹാലപ്പ് കീഴടങ്ങുകയായിരുന്നു. 

മകളുടെ ജനനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രലിയന്‍ ഓപ്പണില്‍ സെറീന കളിച്ചിരുന്നില്ല. ഫ്രഞ്ച് ഓപ്പണില്‍ നാലാം റൗണ്ടില്‍ പുറത്ത് പോവുകയും ചെയ്തു. യു.എസ് ഓപ്പണ്‍, വിംബിള്‍ഡണ്‍ ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ എത്തിയെങ്കിലും സെറീനയ്ക്ക് ജയിക്കാനായില്ല. തന്നേക്കാള്‍ 10 വര്‍ഷം ജൂനിയറായ ഹാലപ്പിനെതിരേ സെറീന നേടിയ വിജയം അവരുടെ തിരിച്ചുവരവിന്റെ സൂചനകളാണ് തരുന്നത്. 

Content Highlights:Australian Open, Serena Williams beats world number one Simona Halep