മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ റോജര്‍ ഫെഡററും റാഫേല്‍ നഡാലും മരിയന്‍ സിലിച്ചും ക്വാര്‍ട്ടറില്‍. ഹംഗേറിയന്‍ താരം മാര്‍ട്ടണ്‍ ഫുക്‌സോവികിനെ പുറത്താക്കിയാണ് ഫെഡറര്‍ അവസാന എട്ടിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ വിജയം. 

52-ാം ഗ്രാന്‍സ്ലാം ക്വാര്‍ട്ടറെന്ന സ്വപ്‌നവും ഫെഡറര്‍ പിന്നിട്ടു. മെല്‍ബണില്‍ 14-ാം തവണയാണ് ഫെഡറര്‍ ക്വാര്‍ട്ടറിലെത്തുന്നത്. ആദ്യ സെറ്റും മൂന്നാം സെറ്റും ഫെഡറര്‍ അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ശക്തമായ പോരാട്ടംതന്നെ വേണ്ടിവന്നു. സ്‌കോര്‍: 6-4, 7-6,6-2.

ഈ മത്സരത്തില്‍ രസകരമായൊരു സംഭവമുണ്ട്. ഫെഡററുടെ എതിരാളിയായ ഫുക്‌സോവികിന്റെ പരിശീലകന്‍ അറ്റില സാവോല്‍ട്ടിനെതിരെ ഫെഡറര്‍ കളിച്ചിട്ടുണ്ട്. 2002ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ സാവോല്‍ട്ടിനെ തോല്‍പ്പിച്ചിരുന്നു. 

ക്വാര്‍ട്ടറില്‍ രണ്ടാം സീഡ് ഫെഡററുടെ എതിരാളി 19-ാം സീഡ് തോമസ് ബെര്‍ഡിച്ചാണ്. ഒന്നാം സീഡ് നഡാല്‍ ആറാം സീഡ് മരിയന്‍ സിലിച്ചിനെയും നേരിടും.