മെല്‍ബണ്‍: 21-ാം ഗ്രാന്‍ഡ്സ്ലാമെന്ന റോജര്‍ ഫെഡററുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഗ്രീസിന്റെ 14-ാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് സ്വിസ് ഇതിഹാസത്തെ അട്ടിമറിച്ചു. ഇതാദ്യമായാണ് സിറ്റ്‌സിപാസ് ഒരു ഗ്രാന്‍ഡ്സ്ലാമിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്.

21-ാം ഗ്രാന്‍ഡ്സ്ലാമും ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണും ഇതേ ടൂര്‍ണമെന്റിലെ ഹാട്രിക്ക് കിരീടവും തേടിയിറങ്ങിയ ഫെഡററെ 7-6, 6-7, 5-7, 6-7 എന്ന സ്‌കോറിനാണ് സിറ്റ്‌സിപാസ് മറികടന്നത്. മൂന്ന് മണിക്കൂറും 47 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ തോല്‍വി. 

മൂന്നാം സീഡായ ഫെഡറര്‍ക്കെതിരേ സിറ്റ്‌സിപാസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 12 ബ്രേക്ക് പോയിന്റുകള്‍ ഉണ്ടായിരുന്നത് വിനിയോഗിക്കാനും ഫെഡറര്‍ക്കായില്ല. ആദ്യ സെറ്റ് കൈവിട്ടെങ്കിലും പിന്നീടുള്ള മൂന്നു സെറ്റുകളും സ്വന്തമാക്കിയാണ് സിറ്റ്‌സിപാസ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ ക്വാര്‍ട്ടര്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു. ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തുന്ന ആദ്യ ഗ്രീക്ക് താരമാണ് സിറ്റ്‌സിപാസ്. ക്വാര്‍ട്ടറില്‍ 22-ാം സീഡ് റോബര്‍ട്ടോ ബൗറ്റിസ്റ്റയാണ് സിറ്റ്‌സിപാസിന്റെ എതിരാളി.

'' ആറു വയസുമുതല്‍ ഞാന്‍ ഫെഡററുടെ കളി നിരീക്ഷിക്കുന്നുണ്ട്. ഫെഡററെ നേരിടുക എന്നത് സ്വപ്നമായിരുന്നു. തോല്‍ക്കില്ലെന്ന് ഉറപ്പിച്ചാണ് ഇറങ്ങിയത്. എന്നാല്‍ ഈ നിമിഷം വിവരിക്കാന്‍ വാക്കുകളില്ല. ഇപ്പോള്‍ ഈ ഭൂമിയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഞാനാണ്. അദ്ദേഹത്തെ തോല്‍പ്പിക്കുക എന്നത് എന്റെ സ്വപ്നങ്ങള്‍ക്ക് പോലും അപ്പുറമായിരുന്നു'', ഫെഡററെ തകര്‍ത്ത ശേഷം സിറ്റ്‌സിപാസ് പ്രതികരിച്ചത് ഇങ്ങനെയാണ്.

Content Highlights: australian open roger federer knocked out by stefanos tsitsipas