മെല്‍ബണ്‍: പ്രായം മികച്ച പ്രകടനത്തിന് തടസ്സമല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് 36-കാരനായ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ 19-ാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെയാണ് നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ ഫെഡറര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6, 6-3, 6-4. അഞ്ചുവട്ടം ചാമ്പ്യനായ ഫെഡറര്‍ക്ക് സീഡില്ലാതാരം ദക്ഷിണകൊറിയയുടെ ചുങ് ഹ്യോണാണ് സെമിയില്‍ എതിരാളി. 

മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഡച്ചുകാരി തിമിയ ബാബോസുമടങ്ങിയ സഖ്യം സെമിയിലെത്തി. അഞ്ചാം സീഡായ ഇന്തോ-ഡച്ച് സഖ്യം യുവാന്‍ സെബാസ്റ്റ്യന്‍ കബാല്‍ (കൊളംബിയ)-അബിഗെയ്ല്‍ സ്പിയേഴ്സ് (അമേരിക്ക) ജോഡിയെയാണ് തോല്പിച്ചത് (64, 76).

സീഡില്ലാതാരങ്ങളുടെ പോരാട്ടത്തില്‍ ചുങ് അമേരിക്കക്കാരന്‍ ടെന്നിസ് സാന്‍ഡ്ഗ്രനെ നേരിട്ടുള്ള സെറ്റുകളില്‍ ചുങ് മറികടന്നു (64, 76, 63). ഇക്കുറി സെമിയില്‍ സ്ഥാനംനേടുന്ന രണ്ടാമത്തെ സീഡില്ലാതാരമാണ് 58-ാം റാങ്കുകാരനായ ചുങ്. അമേരിക്കന്‍ താരം കൈല്‍ എഡ്മണ്ടാണ് മറ്റൊരാള്‍. 2008-ല്‍ വില്‍ഫ്രഡ് സോംഗ സെമിയിലെത്തിയശേഷം ഇതാദ്യമാണ് സീഡുചെയ്യപ്പെടാത്ത താരങ്ങള്‍ പുരുഷവിഭാഗത്തില്‍ സെമികാണുന്നത്.

വനിതകളില്‍ ടോപ് സീഡ് റൊമാനിയയുടെ സിമോണ ഹാലെപ് വിയര്‍പ്പൊഴുക്കാതെ സെമിയിലേക്കു മുന്നേറി. ആറാം സീഡായ ചെക് താരം കരോളിന പ്ലിസ്‌കോവയെ ക്വാര്‍ട്ടറില്‍ 6-3, 6-2ന് ഹാലെപ് തോല്പിച്ചു. ജര്‍മന്‍കാരി ആഞ്ജലിക് കെര്‍ബറാണ് ഹാലെപ്പിന്റെ അടുത്ത എതിരാളി. അമേരിക്കക്കാരി 17-ാം സീഡ് മാഡിസണ്‍ കീസിനെയാണ് കെര്‍ബര്‍ പരാജയപ്പെടുത്തിയത് (61, 62). 

പതിന്നാലാം തവണയാണ് ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയിലെത്തുന്നത്. ഏറ്റവുമധികം തവണ ഈ ടൂര്‍ണമെന്റിന്റെ സെമിയിലെത്തിയ താരവും ഫെഡറര്‍ തന്നെ. ബെര്‍ഡിച്ചിനെതിരേ ഒന്നാം സെറ്റില്‍ 2-5ന് പിന്നിലായെങ്കിലും തിരിച്ചടിച്ച അദ്ദേഹം എതിരാളിക്ക് പിന്നീട് ഒരവസരവും നല്കിയില്ല. ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടങ്ങള്‍ക്ക് (19) അവകാശിയായ ഫെഡറര്‍ പിഴവില്ലാത്ത പ്രകടനം പുറത്തെടുത്താണ് കരിയറിലെ 43-ാമത് ഗ്രാന്‍സ്ലാം സെമിഫൈനലിന് അര്‍ഹതനേടിയത്. ആധുനിക ടെന്നീസ് കാലഘട്ടമായി വിലയിരുത്തുന്ന 1968 മുതലിങ്ങോട്ട് ഇത്രയുമധികം സെമിഫൈനല്‍ കളിക്കുന്ന ആദ്യ കളിക്കാരനാണ് ഈ സ്വിറ്റ്സര്‍ലന്‍ഡുകാരന്‍. ഇതോടെ ഫെഡററുടെ കരിയറില്‍ ഏറ്റവുമധികം വിജയം സമ്മാനിച്ച ടൂര്‍ണമെന്റായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ മാറി. ഇവിടെ 105 കളികളില്‍ ഫെഡററുടെ 92-ാമത്തെ വിജയമാണിത്. 42 വര്‍ഷത്തിനിടെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയിലെത്തുന്ന ആദ്യ കളിക്കാരനുമായി അദ്ദേഹം. 1977-ല്‍ 42-ാം വയസ്സില്‍ ഓസ്ട്രേലിയക്കാരന്‍ കെന്‍ റോസ്വാള്‍ സെമിയിലെത്തിയിരുന്നു.

നാട്യങ്ങളൊന്നുമില്ലാതെ എത്തി സെമിയിലെത്തിയ ചുങ് ഇതിനകം അത്ര മോശക്കാരനല്ല എന്ന് തെളിയിച്ചുകഴിഞ്ഞു. തന്റെ കന്നി ഗ്രാന്‍സ്ലാം സെമിയിലേക്കുള്ള പ്രയാണത്തില്‍ ചുങ് ആറുവട്ടം ചാമ്പ്യനായ നൊവാക് ദ്യോക്കോവിച്ച്, നാലാം സീഡ് അലക്സാണ്ടര്‍ സവറേവ് എന്നീ വമ്പന്മാരെ വീഴ്ത്തി. ഫെഡററും ചുങ്ങും തമ്മില്‍ ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല.

Content Highlights: Australian Open Roger Federer beats Tomas Berdych to reach semi-finals