മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുന്‍ ചാമ്പ്യന്‍ വീനസ് വില്യംസിനെ അട്ടിമറിച്ച് നാട്ടുകാരി കൊകൊ ഗാഫ്. കഴിഞ്ഞ വിമ്പിള്‍ഡനിലെ അട്ടിമറിയുടെ തനിയാവര്‍ത്തനമെന്നോണമായിരുന്നു പതിനഞ്ചുകാരിയായ കൊകൊയുടെ പ്രകടനം (7-6, 6-3). ആദ്യ സെറ്റില്‍ മാത്രമാണ് വീനസിന് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

അതേസമയം ആദ്യദിനം മുന്‍നിര താരങ്ങള്‍ ജയത്തോടെ തുടങ്ങി. പുരുഷവിഭാഗത്തില്‍, നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ജര്‍മനിയുടെ യാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെ തോല്‍പ്പിച്ചു (7-6, 6-2, 2-6, 6-1). 

വനിതകളില്‍ നിലവിലെ ജേതാവായ ജപ്പാന്റെ നവോമി ഒസാക്ക ചെക്ക് റിപ്പബ്ലിക്കിന്റെ മരീ ബൗസ്‌കോവയെ തോല്‍പ്പിച്ചു (6-2, 6-4). 

വനിതകളിലെ ഒന്നാം സീഡ്, ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി യുക്രൈനിന്റെ ലെസിയ സുരെന്‍കോയെയും (5-7, 6-1, 6-1) അമേരിക്കയുടെ സെറീന വില്യംസ് റഷ്യയുടെ അനസ്താസ്യയെയും (6-0, 6-3) തോല്‍പ്പിച്ചു. പുരുഷവിഭാഗത്തില്‍ റോജര്‍ ഫെഡറര്‍ ആദ്യ മത്സരത്തില്‍ അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ (6-3, 6-2, 6-2) മറികടന്ന് രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

Content Highlights: Australian Open Coco Gauff beat Venus Williams for the second time in a year