മെല്‍ബണ്‍: ഓപ്പണ്‍ കാലഘട്ടത്തില്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ തന്നെ സെമിയില്‍ കടക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കി റഷ്യയുടെ സീഡ് ചെയ്യപ്പെടാത്ത അസ്‌ലന്‍ കരറ്റ്‌സെവ്. 

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചൊവ്വാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയയുടെ 18-ാം സീഡായ ഗ്രിഗോര്‍ ദിമിത്രോവിനെ നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് അസ്‌ലന്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. സ്‌കോര്‍: 2-6, 6-4, 6-1, 6-2.

അതേസമയം മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സ തേടിയ ദിമിത്രോവിന് പിന്നീട് തിരിച്ചുവരവ് സാധ്യമായതുമില്ല. 

114-ാം റാങ്കുകാരനായ അസ്‌ലന്‍ ഗ്രാന്‍ഡ്സ്ലാം സെമിയില്‍ കടക്കുന്ന രണ്ടാമത്തെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള താരവുമായി. 2001-ല്‍ വിംബിള്‍ഡന്‍ സെമിയിലെത്തിയ ഗോറന്‍ ഇവാനിസെവിക്കാണ് ഈ പട്ടികയിലെ ആദ്യ പേരുകാരന്‍. അന്ന് 125-ാം റാങ്കിലായിരുന്നു ഗോറന്‍.

Content Highlights: Australian Open Aslan Karatsev Reach Grand Slam Semi-Final On Debut